ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി - നെഹ്രു കുടുംബത്തിന് പുറത്തുള്ള ആരുടെയും പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയി, നരസിംഹറാവു എന്നിവര്‍ ചെയ്ത നല്ലകാര്യങ്ങള്‍ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിച്ചിട്ടില്ല.

രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചത് വളരെ കുറച്ചുപേര്‍ മാത്രമാണെന്നാണ് ചിലര്‍ കരുതുന്നത്. മറ്റുള്ളവരുടെയെല്ലാം പേരുകള്‍ അവഗണിക്കപ്പെടുകയും ചിലരുടെ പേരുകള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുകയും ചെയ്യണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, തങ്ങള്‍ ചിന്തിക്കുന്നത് അത്തരത്തിലല്ല. ഇന്ത്യയുടെ പുരോഗതിക്കുവേണ്ടി എല്ലാ പൗരന്മാരും പരിശ്രമിച്ചിട്ടുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

'നരസിംഹറാവു ചെയ്ത നല്ലകാര്യങ്ങളെപ്പറ്റി അവര്‍ എന്നെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ ? മന്‍മോഹന്‍ സിങ്ങിനെപ്പറ്റി ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടെ അവര്‍ സംസാരിക്കാറുണ്ടോ' - അദ്ദേഹം ചോദിച്ചു.

Rahul and Sonia
Photo - PTI

അടിയന്തരാവസ്ഥയുടെ പേരിലും കോണ്‍ഗ്രസിനെതിരെ മോദി വിമര്‍ശമുന്നയിച്ചു. അടിയന്തരാവസ്ഥ ജനാധിപത്യത്തിന് വരുത്തിവച്ച കളങ്കം ഒരിക്കലും മായില്ല. ശക്തവും സുരക്ഷിതവും വികസിതവുമായ ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ച് മുന്നേറേണ്ടിയിരിക്കുന്നു. യു.പി.എ ഭരണത്തില്‍നിന്ന് മോചനം നേടാന്‍ ആഗ്രഹിച്ചാണ് 2014 ല്‍ രാജ്യത്തെ ജനങ്ങള്‍ എന്‍.ഡി.എയ്ക്ക് അവസരം നല്‍കിയത്. തിരഞ്ഞെടുപ്പില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നത് തനിക്ക് പ്രശ്‌നമല്ല. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി താന്‍ പ്രയത്‌നിക്കും. 130 കോടി ജനങ്ങള്‍ക്ക് സേവനം ചെയ്യാനുള്ള അവസരം ലഭിക്കുക എന്നതും അവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുക എന്നതുമാണ് തന്നെ സംതൃപ്തനാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Content Highlights: PM Narendra Modi, Gandhi Family, Congress