അശോക് ഗഹ്ലോത്, സച്ചിൻ പൈലറ്റ് | Photo: ANI
ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോതിന് പിന്തുണ പ്രഖ്യാപിച്ച് കൂട്ടരാജി സമര്‍പ്പിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി പിന്‍വലിക്കുന്നു. കൂട്ടരാജിയ്ക്കെതിരെ ഉണ്ടാകാനിടയുള്ള കോടതി നടപടികള്‍ ഒഴിവാക്കാനാണ് രാജി പിന്‍വലിക്കുന്നത്.
എം.എല്‍.എമാര്‍ സമര്‍പ്പിച്ച രാജിയില്‍ രാജസ്ഥാന് നിയമസഭാ സ്പീക്കര്‍ സി.പി. ജോഷി നിഷ്ക്രിയ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ച് ഉപ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോര്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന് ഹൈക്കോടതി ഡിസംബര്‍ 6-ന് സി.പി. ജോഷിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
അതേസമയം, ജനുവരി 23-ന് നടക്കാനിരിക്കുന്ന രാജസ്ഥാന് സര്‍ക്കാറിന്റെ അഞ്ചാം ബജറ്റിനു മുമ്പ് രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും എം.എല്‍.എമാരോട് ആവശ്യപ്പെട്ടിരുന്നു. രാജി നല്കിയതും ഇപ്പോള്‍ രാജി പിന്‍വലിക്കുന്നതും ബാഹ്യസമ്മര്‍ദം കൊണ്ടല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമുള്ള നിലപാടിലാണ് എം.എല്‍.എമാര്‍.
കഴിഞ്ഞ സെപ്റ്റംബറിലാണ് രാജസ്ഥാനില്‍ ഗഹ്ലോത് പക്ഷത്തിലെ 91 എം.എല്‍.എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി അശോക് ഗഹ്ലോത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയതോടെ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു എം.എല്‍.എമാരുടെ കൂട്ടരാജി.
Content Highlights: congress mlas in rajasthan began withdrawing resignation
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..