മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ കെ.സി.പദ്വി. സത്യപ്രതിജ്ഞാ വേളയില്‍ സത്യവാചകങ്ങളിലെ വാക്കുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വന്നതോടെ ഗവര്‍ണര്‍ ഇടപെടുകയായിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിനിടയില്‍ തന്റെ മണ്ഡലത്തിനും ജനങ്ങള്‍ക്കും പദ്വി നന്ദി പറഞ്ഞു. നന്ദി പറച്ചില്‍ പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടാന്‍ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് പദ്വിക്ക് ചുറ്റുംകൂടിയ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതോടെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.
ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാറില്‍ 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. വിദ്യാഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങളില്‍ അജിത് പവറിന് പുറമേ എന്‍സിപിയില്‍ നിന്ന് പതിമൂന്ന് പേരും ശിവസേനയില്‍ നിന്ന് 12 പേരും കോണ്‍ഗ്രസില്‍നിന്ന് പത്ത് പേരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Content Highlights: Congress MLA KC Padvi was made to take oath again