ലക്നൗ: കുടിയേറ്റ തൊഴിലാളികൾക്കായുള്ള ബസുകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ വിഷയത്തിൽ കോൺഗ്രസിനേയും പ്രിയങ്ക ഗാന്ധിയേയും കുറ്റപ്പെടുത്തി റായ്ബറേലിയിലെ കോൺഗ്രസ് വിമത എംഎൽഎ അദിതി സിങ്‌.

കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനായി പ്രിയങ്ക ഗാന്ധി അയക്കാനിരുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ബസുകളല്ല മറിച്ച് ചെറിയ വാഹനങ്ങളാണെന്നും അദിതി സിങ്‌ ആരോപിച്ചു.

ദുരന്ത സമയത്ത് ഇത്തരത്തിൽ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കേണ്ട ആവശ്യകത എന്താണെന്നും ട്വിറ്ററിലൂടെ അദിതി സിങ്‌ ചോദ്യമുയർത്തി.

'കോൺഗ്രസ് അയച്ച 1000 ബസുകളുടെ പട്ടികയിൽ പകുതിയിലേറെ രജിസ്ട്രേഷൻ നമ്പറുകളും വ്യാജമാണ്. 297 ബസുകൾ കാലാവധി കഴിഞ്ഞവയാണ്. 98 എണ്ണം ഓട്ടോറിക്ഷികളും ആംമ്പുലൻസുകളുമാണ്. 68 വാഹനങ്ങൾക്ക് യാതൊരു രേഖയുമില്ല. എന്തൊരു ക്രൂരമായ തമാശയാണിത്'. അദിതി സിങ്‌ ട്വിറ്റ് ചെയ്തു. നിങ്ങളുടെ കൈവശം ബസുകളുണ്ടെങ്കിൽ എന്തുകൊണ്ട് രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നില്ലെന്നും അദിതി സിങ്‌ ചോദിച്ചു.

മുമ്പ് യാത്രാ മാർഗമില്ലാതെ ഉത്തർപ്രദേശിലേക്കുള്ള ആയിരക്കണക്കിന് കുട്ടികൾ കോട്ടയിൽ കുടുങ്ങിക്കിടന്നപ്പോൾ ഇപ്പറയുന്ന ബസുകളെല്ലാം എവിടെയായിരുന്നു. കോൺഗ്രസ് അന്ന് ഈ കുട്ടികളെ വീട്ടിലെത്തിച്ചില്ല, അവരെയെല്ലാം അതിർത്തിയിൽ എത്തിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല. രാത്രിയിൽ യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഇടപെട്ടാണ് ഇവരെ തിരിച്ചെത്തിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി പോലും ഇതിനെ അഭിനന്ദിച്ചെന്നും അദിതി സിങ്‌  കൂട്ടിച്ചേർത്തു.

content highlights:Aditi Singh,Priyanka Gandhi ,UP bus row