പ്രതീകാത്മക ചിത്രം | AP
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി അധികാരത്തുടര്‍ച്ച നേടിയതിലുപരി കോണ്‍ഗ്രസിനെ അലട്ടുന്നത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ നിലനില്പാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ പതിനേഴ് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിക്കുകയെന്നാണ് സൂചന. ഇത് സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാക്കിയേക്കും.
182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ ആകെ സീറ്റുകളുടെ പത്ത് ശതമാനമെങ്കിലും നേടണം. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസിന് 18 സീറ്റുകള്‍ ലഭിക്കാതെ വന്നാല്‍ പ്രതിപക്ഷനേതൃസ്ഥാനത്തിനുള്ള അർഹത നഷ്ടപ്പെടും. നിലവില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടുള്ളത് 15 സീറ്റുകളിലാണ്. രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു.
2014-ലും 2019-ലും നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ യഥാക്രമം 44, 52 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് കേന്ദ്രത്തിലും പ്രതിപക്ഷനേതാവിനെ നഷ്ടമായി. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷനേതാവാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയെങ്കിലും അന്നത്തെ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് ആ ആഗ്രഹത്തിന് തടയിട്ടു.
പാര്‍ലമെന്റില്‍ പ്രതിപക്ഷനേതൃസ്ഥാനത്തിനായി 55 സീറ്റുകള്‍ നേടേണ്ടതുണ്ട്. ആദ്യ മോദിസര്‍ക്കാരിന്റെ കാലത്ത് ലോക്പാല്‍ നിയമവുമായി ബന്ധപ്പെട്ടുള്ള യോഗങ്ങള്‍ക്ക് ഖാര്‍ഗെയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും പ്രതിപക്ഷനേതൃസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഖാര്‍ഗെ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നു. 1980-ലും 1984-ലും നടന്ന ദേശീയ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷം നേടിയപ്പോള്‍ ഇതേ സ്ഥിതിവിശേഷം ഉണ്ടായി. അന്ന് പ്രതിപക്ഷനേതാവിനായി ഒരു പാര്‍ട്ടിയ്ക്കും അവകാശവാദം ഉന്നയിക്കാന്‍ സാധിച്ചില്ല.
Content Highlights: Congress, May Lose, Leader Of Opposition, In Gujarat, Gujarat Elections 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..