ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വലിയ പങ്കുവഹിച്ച ഡേറ്റാ അനലിറ്റിക്‌സ് വിഭാഗം പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍പരാജയത്തിനു പിന്നാലെ സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ് ഒരുങ്ങുകയാണ്‌.

ഇതിന്റെ ഭാഗമായാണ് ഡേറ്റാ അനലിറ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റ് പിരിച്ചുവിടാന്‍ പാര്‍ട്ടി ഒരുങ്ങുന്നതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ശക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഡേറ്റാ അനലിറ്റിക്‌സ് വിഭാഗത്തിനായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളവരെ കുറിച്ച് ശക്തി ആപ്പ് മുഖാന്തരം വോട്ടര്‍മാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഡേറ്റാ അനലിറ്റിക്‌സ് വിഭാഗത്തിന്റെ അധ്യക്ഷന്‍.

അതേസമയം ആപ്പിലൂടെ ലഭിച്ച യഥാര്‍ഥ വിവരങ്ങളല്ല രാഹുല്‍ ഗാന്ധിക്ക് കൈമാറിയതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍പരാജയം നേരിടുക കൂടി ചെയ്തതോടെ ഡിപ്പാര്‍ട്‌മെന്റിന്റെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതേസമയം ഡേറ്റാ അനലിറ്റ്ക്‌സ് വിഭാഗത്തിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഡിപ്പാര്‍ട്‌മെന്റ് പ്രവര്‍ത്തനം തുടരുമെന്നും പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.

content highlights: congress likely to be data analytics department