പനജി: ഗോവയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് കോണ്‍ഗ്രസ്. ചൊവ്വാഴ്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയെ നേരില്‍ കണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഈ ആവശ്യമുന്നയിച്ചത്. ഭരണഘടന അനുസരിച്ച് തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖ ബാധിതനായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേക്കറുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.

ഭൂരിപക്ഷം തെളിയിക്കുന്നതിനായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്നും നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. പരീക്കറുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും കോണ്‍ഗ്രസിന് ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള അംഗബലമുണ്ടെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.

അടുത്ത മൂന്ന്, നാല് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമറിയിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതായി ഇവര്‍ പിന്നീട് പറഞ്ഞു. കോണ്‍ഗ്രസിന് സഭയില്‍ 16 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 14, ജിഎഫ്പി മൂന്ന്, എംജിപി മൂന്ന്, എന്‍സിപി- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കൂടാതെ, മൂന്ന് സ്വതന്ത്ര അംഗങ്ങളുമുണ്ട്.

Content Highlights: Congress, Goa governor, demand floor test, BJP