ബിപ്ലബിന് പകരം മണിക് സാഹ: കോണ്‍ഗ്രസ് വിട്ടവരെ വടക്ക് കിഴക്ക് മുഖ്യമന്ത്രിയാക്കുന്ന ബിജെപി തന്ത്രം


Photo: PTI

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ ദേവ് മുഖ്യമന്ത്രിപദം രാജിവെക്കുകയും പുതിയ മുഖ്യമന്ത്രിയായി മണിക് സാഹയെ നിശ്ചയിക്കുകയും ചെയ്തത് ശനിയാഴ്ചയാണ്. അപ്രതീക്ഷിതമായിരുന്നു ഇതെങ്കിലും, ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളേക്കുറിച്ച് അറിയുന്നവര്‍ക്ക് വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നില്ല ഇത്. കാരണം, തിരഞ്ഞെടുപ്പ് മുന്നില്‍വന്നു നില്‍ക്കുമ്പോള്‍ സമാനമായ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ബിജെപി ഇതിനു മുന്‍പും പലതവണ നടത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിമാരെ മാറ്റി, തിരഞ്ഞെടുപ്പിനെ നേരിടുന്ന തന്ത്രം മുന്‍പ് ഉത്തരാഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലും ബിജെപി പരീക്ഷിച്ചിരുന്നു. എന്നു മാത്രമല്ല, കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാക്കള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതും ഈ രാഷ്ട്രീയ തന്ത്രത്തിന്‍റെ ഭാഗമാണ്. ഇപ്പോള്‍ ത്രിപുരയില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മണിക് സാഹയും 2016-ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ്‌. ഇത്തരത്തില്‍ കോണ്‍ഗ്രസ് വിട്ടുവന്ന പല നേതാക്കളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുഖ്യമന്ത്രമാരായി മാറിയിട്ടുണ്ട്.

ഹിമന്ദ ബിശ്വ ശര്‍മ

സര്‍ബാനന്ദ സോനോവാളിനു ശേഷം അസം മുഖ്യമന്ത്രിയായി 2021-ല്‍ അധികാരമേറ്റ ഹിമന്ദ ബിശ്വ ശര്‍മ 2015-ല്‍ ആണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2016-ലെ നിയസഭാ തിരഞ്ഞെടുപ്പിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ആളായിരുന്നു ഹിമന്ദ ബിശ്വ ശര്‍മ.

ജലുകബാരി നിയമസഭാ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയും വിജയിച്ച അദ്ദേഹം സോനോവാള്‍ സര്‍ക്കാരില്‍ മന്ത്രിയായി. തുടര്‍ന്നാണ് 2021-ലെ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടിന് വിജയിക്കുകയും മുഖ്യമന്ത്രിയാവുകയും ചെയ്തത്.

ബിരന്‍ സിങ്

മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് 2016-ല്‍ ബിരന്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തിനിടയില്‍ ആദ്യമായി കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ബിരന്‍ സിങ് മുഖ്യമന്ത്രിയാവുകയും ചെയ്തു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും അടക്കം 33 എംഎല്‍എമാരുടെ പിന്തുണയോടെയാണ് മണിപ്പൂരില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം അധികാരത്തിലെത്തിയത്.

നെയ്ഫ്യൂ റിയോ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ നെയ്ഫ്യൂ റിയോ പാര്‍ട്ടി വിടുന്നത് 2002- ആണ്. നാഗാലാന്‍ഡ് വിഷയത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായ എസ്.സി. ജാമിറുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നായിരുന്നു രാജി. തുടര്‍ന്ന് റിയോ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ (എന്‍പിഎഫ്) ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിജെപിയും പ്രാദേശിക കക്ഷികളും അടങ്ങുന്ന ഡെമോക്രാറ്റിക് അലയന്‍സ് ഓഫ് നാഗാലാന്‍ഡ് (ഡിഎഎന്‍) രൂപവത്കരിച്ചു. 2003-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎഎന്‍ വിജയിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്താകുകയും നെയ്ഫ്യൂ റിയോ മുഖ്യമന്ത്രിയാകുകയും ചെയ്തു. 2008-ലും റിയോ ഡിഎഎന്‍ സഖ്യം സര്‍ക്കാര്‍ രൂപവത്കരിച്ചു.

2013-ല്‍ റിയോയുടെ എന്‍പിഎഫ് സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി റിയോ മുഖ്യമന്ത്രിയായി. 2018-ല്‍ എന്‍പിഎഫ്-ബിജെപി സഖ്യം പൊളിയുകയും റിയോ നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി)യില്‍ ചേരുകയും ചെയ്തു. 2018-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിയോ ബിജെപിയുമായി സഖ്യമുണ്ടാക്കി. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ബിജെപി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി, പിന്നെയും മുഖ്യമന്ത്രിയായി.

മണിക് സാഹ

കോണ്‍ഗ്രസ് നേതാവായിരുന്ന മണിക് സാഹ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത് 2016-ല്‍ ആണ്. ബിജെപിയില്‍ ചേര്‍ന്ന് നാലു വര്‍ഷത്തിനുള്ളില്‍ 2020ല്‍ അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. ത്രിപുര ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയും ചെയ്തു. തുടർന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രിപദവും കൈവന്നിരിക്കുന്നത്.

25 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് 2018-ലാണ് ബിപ്ളവിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ നിരവധി എംഎല്‍എമാരുമായും ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മ്മയുമായും ബിപ്ളവിന് അഭിപ്രായ ഭിന്നതയുണ്ടായുണ്ടായിരുന്നു. നാള്‍ക്കുനാള്‍ തര്‍ക്കം രൂക്ഷമായി. അടുത്തിടെ രാജ്യസഭാ സീറ്റിനെ ചൊല്ലിയും പാര്‍ട്ടിക്കുള്ളില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നു. ബിപ്ലബിനെ
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബിജെപി എംഎല്‍എമാര്‍ കേന്ദ്ര നേതാക്കളെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. തുടര്‍ന്നാണ് ബിപ്ലബ്‌ ദേവ് രാജിവെക്കുകയും പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ മണിക് സാഹയ്ക്ക് മുഖ്യമന്ത്രിപദം ലഭിക്കുകയും ചെയ്തത്.

Content Highlights: Congress leaders who joined BJP became CM

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented