ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP


പ്രിയങ്കാ ഗാന്ധി | Photo PTI

രണകക്ഷിയായ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് താഴെയിറക്കി ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ കിങ് മേക്കറായി പ്രിയങ്കാ ഗാന്ധി. ഗുജറാത്തില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞപ്പോഴും കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കിയത് ഹിമാചലിലെ വിജയമാണ്. ഈ നേട്ടത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കാണ്. മോദി പ്രഭാവത്തില്‍ സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി നാമവശേഷമാകുമ്പോഴും ഹിമാചലില്‍ ബി.ജെ.പിയുടെ അധികാരത്തുടര്‍ച്ച തടഞ്ഞ് കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചെത്തിച്ചത് പ്രിയങ്കയുടെ കൊണ്ടുപിടിച്ച പ്രചാരണമാണ്.

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലാകുകയും സോണിയാ ഗാന്ധി ആരോഗ്യകാരണങ്ങളാല്‍ മുഴുവന്‍ സമയ പ്രാചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതോടെ ഹിമാചലില്‍ പാര്‍ട്ടിയെ ഒറ്റയ്ക്ക് തോളിലേറ്റിയത് പ്രിയങ്കയായിരുന്നു. ജനങ്ങളുടെ ആവശ്യമെന്തെന്ന് തിരിച്ചറിഞ്ഞ് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു പ്രിയങ്കയുടെ പ്രചാരണം. 10 കാര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രിയങ്ക മുന്നോട്ടുവെച്ച പ്രകടന പത്രിക ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി. ഗ്രാമീണര്‍ക്ക് ആശ്വാസവും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രതീക്ഷ പകരുന്നതുമായ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ നിറഞ്ഞത്. ഇക്കാര്യങ്ങള്‍ ഹിമാചലിലെ ഓരോ ഗ്രാമങ്ങളിലേയും സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നതില്‍ പാര്‍ട്ടി സംഘടനാ സംവിധാനം വിജയംകണ്ടു.

ഡല്‍ഹിയില്‍ എഎപി പരീക്ഷിച്ചതിന് സമാനമായി 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കും, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് ജോലി തുടങ്ങിയ പ്രിയങ്കയുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു. അധികാരത്തിലേറിയാല്‍ ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവും വലിയൊരു വിഭാഗത്തെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചു. അധികാരത്തിലുള്ള രാജസ്ഥാന്‍, ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം. രണ്ടര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും രണ്ടുലക്ഷത്തോളം പെന്‍ഷന്‍കാരുമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഈ വാഗ്ദാനം വലിയ ചലനമുണ്ടാക്കി.

ഹിമാചലിലെ സ്വന്തം വീട്ടില്‍ തന്നെ തങ്ങിയായിരുന്നു പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. അതിവേഗത്തില്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ഉള്‍പ്പാര്‍ട്ടി കലഹത്തെയും വിമതസാന്നിധ്യത്തേയുമെല്ലാം അതിജീവിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. റാലികളിലും റോഡ് ഷോകളിലും കോണ്‍ഗ്രസിന്റെ മുഖമായി പ്രിയങ്ക നിറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ ജീവിതത്തില്‍ എന്തു മാറ്റമുണ്ടാകുമെന്ന് ഓരോ പ്രസംഗവേദിയിലും പ്രിയങ്ക അവരോട് വിശദീകരിച്ചു. അതെല്ലാം ജനങ്ങള്‍ വിശ്വാസത്തിലെടുത്തു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതും.

പ്രിയങ്കയുടെ പ്രകടനപത്രികയാണ് സംസ്ഥാനത്ത് ഫലംകണ്ടതെന്ന് ഹിമാചലില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേല്‍ അഭിപ്രായപ്പെട്ടതും ഇതിനുള്ള തെളിവാണ്. പ്രിയങ്കയുടെ കഠിനാധ്വാനവും വിപുലമായ പ്രചാരണവുമാണ് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതെന്ന് പ്രിയങ്കയെ പ്രകീര്‍ത്തിച്ച് ഹിമാചലിന്റെ ചുമതലയുള്ള രാജീവ് ശുക്ലയും പറഞ്ഞു. ഹിമാചലിലെ ജനങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയ 10 ഉറപ്പുകള്‍ നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയം ഉറപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിജയാഘോഷത്തിലും ഉയര്‍ന്നുകേള്‍ക്കുന്നത് പ്രിയങ്കയ്ക്കുള്ള ആരവങ്ങളാണ്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തും പ്രവര്‍ത്തകര്‍ പ്രിയങ്കയ്ക്കായി ജയ് വിളിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ നഡ്ഡയുടെ മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാനായതും പ്രിയങ്കയ്ക്ക് വലിയ നേട്ടമായി. ഒരുവട്ടം കോണ്‍ഗ്രസിനെങ്കില്‍ അടുത്ത തവണ ബി.ജെ.പിക്ക് അധികാരം നല്‍കുന്ന രീതിയാണ് 1985 മുതല്‍ ഹിമാചല്‍ പിന്തുടര്‍ന്നുവരുന്നത്. ആ രീതിക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. മത്സരത്തിനിറങ്ങിയത്. മുന്‍തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യവും ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. ഡല്‍ഹി വഴി പഞ്ചാബ് കടന്ന എ.എ.പി., ഹിമാചലിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ആ നീക്കം അമ്പേ പരാജയപ്പെട്ടു. കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുകയും ചെയ്തു.

Content Highlights: congress leaders credit Priyanka Gandhis campaign, strategising for Himachal Pradesh win


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented