ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രദീപ് ജയിന്‍ ആദിത്യയെ ഉത്തര്‍പ്രദേശ് പോലീസ് അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്നാരോപിച്ച് മകന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയ്ക്ക് കത്ത് നല്‍കി. കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് തന്റെ പിതാവിനെ ഝാന്‍സിയിലെ വസതിയില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആദിത്യയുടെ പുത്രന്‍ ഗൗരവ് ജയിന്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണമാണ് ജില്ല ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. അടിയന്തരമായി പിതാവിനെ മോചിപ്പിക്കാന്‍ ഇടപെടണമെന്നും കത്തില്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയോട് ഗൗരവ് ജയിന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

പശുവിനെ സംരക്ഷിക്കൂ, കര്‍ഷകനെ രക്ഷിക്കൂ എന്ന മുദ്ര്യവാക്യം ഉയര്‍ത്തി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച പ്രദീപ് ജയിന്‍ ആദിത്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയാണ് പോലീസ് വീട്ടുതടങ്കലില്‍ ആക്കിയത്. ലളിത്പൂരില്‍ നിന്ന് ചിത്രകൂട് വരെ ഡിസംബര്‍ 26 മുതല്‍ 31 വരെ ആണ് മാര്‍ച്ച് നിശ്ചയിച്ചത്. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഗോശാലകളുടെ മോശം അവസ്ഥക്ക് എതിരെയും കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി വരികയാണ്.

Content Highlights: Congress leader's son writes to CJI, claims father 'illegally confined' at home by UP Police