ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ കര്‍ണാടകത്തില്‍ പലയിടത്തും പ്രതിഷേധവും അക്രമവും. സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ഥികളുടെ അനുയായികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടുന്നത്. പലയിടത്തും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഓഫീസുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവ് രവികുമാറിന് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രവര്‍ത്തകര്‍ മാണ്ഡ്യ ജില്ലയില്‍ പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്തു.

ചിക്കമംഗലൂര്‍, ബെംഗലൂരു, ബെല്ലാരി എന്നിവടങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഓഫീസുകളിലെ കസേരകള്‍ തകര്‍ക്കുകയും വാതിലുകള്‍ തല്ലിപ്പൊളിക്കുകയും ചെയ്തിട്ടുണ്ട്. സിറ്റിങ് എംഎല്‍എ അംബരീഷിനാണ് മാണ്ഡ്യയില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുള്ളത്.

കോണ്‍ഗ്രസ് നേതാവ് അഞ്ജന മൂര്‍ത്തിക്ക് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ നെല്‍മംഗളയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി.  ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹൈവേയില്‍ ടയറുകള്‍ കത്തിച്ചു. ഇവിടെ ആര്‍. നാരായണസ്വാമിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Content Highlights: Congress, Karnataka election 2018, workers vandalised offices