രാഹുൽ ഗാന്ധി | Photo: ANI
ന്യൂഡല്‍ഹി: ജാലിയന്‍ വാലാബാഗില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. രക്തസാക്ഷിത്വത്തിന്റെ അര്‍ഥമറിയാത്തവര്‍ക്ക് മാത്രമേ ജാലിയന്‍ വാലാബാഗിലെ രക്തസാക്ഷികളെ ഇത്തരത്തില്‍ അപമാനിക്കാന്‍ കഴിയൂവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഞാന്‍ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കുന്നത് യാതൊരു കാരണവശാലും എനിക്ക് സഹിക്കാനാകില്ല. ഈ ക്രൂരതയ്ക്ക് ഞങ്ങളെതിരാണ്', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ജാലിയന്‍ വാലാബാഗില്‍ ലൈറ്റ്-ലേസര്‍ ഷോ നടക്കുന്നതിന്റെ ചിത്രം പ്രസിദ്ധീകരിച്ച ഒരു മാധ്യമ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.
സ്വാതന്ത്ര്യം നേടുന്നതിനായി പോരാടാത്തവര്‍ക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ മനസ്സിലാക്കാന്‍ കഴിയില്ലെന്നും രാഹുല്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
ജാലിയന്‍വാലാബാഗ് നവീകരണത്തോടനുബന്ധിച്ച് സ്മാരകത്തില്‍ ലൈറ്റ് ഷോ ഏര്‍പ്പെടുത്തിയതിനെതിരേ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിന്ന് അകന്നുനിന്നവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവരെ അപകീര്‍ത്തിപ്പെടുത്താനാവൂ എന്നായിരുന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ പ്രതികരണം.
ശനിയാഴ്ചയാണ് നവീകരിച്ച ജാലിയന്‍ വാലാബാഗ് സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..