ന്യൂഡല്‍ഹി: ജെഎന്‍യുവിലുണ്ടായ അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയായി സര്‍വകലാശാലയ്ക്ക് മുന്നിലും ഡല്‍ഹി എയിംസ് ആശുപത്രിക്ക് മുന്നിലും സംഘര്‍ഷാവസ്ഥ. സ്വരാജ് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിനെ ജെഎന്‍യുവിന് മുന്നില്‍വച്ച് കൈയേറ്റം ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. അതിനിടെ, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര രാത്രിയോടെ എയിംസില്‍ എത്തി. ഇതോടെ എയിംസിന് മുന്നില്‍ കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ജെഎന്‍യു പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജെഎന്‍യുവിന് പുറത്ത് എബിവിപി പ്രവര്‍ത്തകര്‍ വടികളുമായി തമ്പടിച്ചിട്ടുണ്ട്. അതിനിടെ സര്‍വകലാശാലയിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു. കനത്ത പോലീസ് സന്നാഹം ജെഎന്‍യുവിന് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. മുഖം മറച്ചെത്തിയവര്‍ നടത്തിയ അക്രമത്തില്‍ ജെഎന്‍യു വിദ്യാര്‍ഥികളായ 18 പേരെയാണ് തലയ്ക്ക് പരിക്കേറ്റ് എയിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. എബിവിപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. കാമ്പസിന് പുറത്തുള്ളവരും തങ്ങളെ മര്‍ദിച്ചുവെന്നും തടയാന്‍ ശ്രമിച്ച അധ്യാപകര്‍ക്കും മര്‍ദ്ദനമേറ്റുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പോലീസ് വൃത്തങ്ങളുമായി സംസാരിക്കുകയും സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അക്രമ സംഭവങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടുക്കം രേഖപ്പെടുത്തി.

Content Highlights: Congress leader Priyanka Gandhi Vadra reaches AIIMS, meets injured JNU students