ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ പുതിയൊരു വിമാനം വാങ്ങാന്‍ സ്വന്തം കിടപ്പാടം വില്‍ക്കാനൊരുങ്ങി മധ്യപ്രദേശില്‍ നിന്നൊരു പാര്‍ട്ടി നേതാവ്. തന്റെ വീടും കടകളും വില്‍ക്കാന്‍ പത്രപരസ്യവും നല്‍കിക്കഴിഞ്ഞു കോണ്‍ഗ്രസ് നേതാവ് അശോക് ജയ്‌സ്വാള്‍. കര്‍ണാടക തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ സഞ്ചരിച്ച വിമാനം തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുലിന് അനവധി യാത്രകള്‍ നടത്തേണ്ടി വരുമെന്നും തങ്ങളുടെ പ്രിയ നേതാവിന് സുരക്ഷിതമായ യാത്രയൊരുക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ സഞ്ചരിച്ച വിമാനം തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.  ഈ പശ്ചാത്തലത്തിലാണ് ജയ്‌സ്വാളിന്റെ ഈ നീക്കം. വീട് വിറ്റ് കിട്ടുന്ന തുക 24 അക്ബര്‍ റോഡിലേക്ക് അയക്കുമെന്നും ജയ്‌സ്വാള്‍ പറയുന്നു.

മോദി ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് വിമുക്ത ഭാരതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യവ്യവസ്ഥയ്ക്ക് ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്നും ഗാന്ധി കുടുംബം രാജ്യത്തിനു വേണ്ടി മഹത്തായ ത്യാഗം അനുഷ്ഠിച്ചുവെന്നും ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ദിരയും രാജീവും ഇന്ത്യയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തുവെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏപ്രിലില്‍ കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി എത്തിയ ചാര്‍ട്ടേര്‍ഡ് വിമാനം ഇറങ്ങുന്നതിനിടെയാണ്  അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. യന്ത്രത്തകരാര്‍ മൂലം പലതവണ കറങ്ങിയ വിമാനം വല്ലാതെ ഉലഞ്ഞും ചരിഞ്ഞുമാണ് ഇറങ്ങിയത്. ഓട്ടോ പൈലറ്റ് സംവിധാനം വിമാനത്തില്‍ പ്രവര്‍ത്തനരഹിതമായെന്നും മൂന്നാമത്തെ ശ്രമത്തിലാണ് വിമാനം ഇറക്കാന്‍ സാധിച്ചതെന്നും അപകടത്തെ കുറിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. 

ഓഗസ്റ്റ് 31 ന് ഡിജിസിഎ സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൈലറ്റുമാരുടെ അനാസ്ഥയാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ട പൈലറ്റ് നടപടികള്‍ കൈക്കൊള്ളാന്‍ വൈകിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.