മനീഷ് തിവാരി | Photo: UNI
ന്യൂഡല്‍ഹി: സേന വിഭാഗങ്ങളിലെ കരാര്‍ നിയമനമായ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വീണ്ടും രംഗത്ത്. പദ്ധതി സൈന്യത്തിന്റെ ആധുനികവത്കരണവും പരിഷ്കാരവും ലക്ഷ്യമിട്ടുള്ളതാണെന്ന് ഇന്ത്യന്‍ എക്സ്പ്രെസില്‍ എഴുതിയ ലേഖനത്തില്‍ തിവാരി അഭിപ്രായപ്പെടുന്നു. രാജ്യത്തെ സൈനിക ഉദ്യോഗാര്‍ഥികള്‍ വലിയ പ്രതിഷേധത്തിലേക്ക് പോയ പദ്ധതിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിനിടെയാണ് അനുകൂല നിലപാടുമായി മുതിര്‍ന്ന് നേതാവ് രംഗത്ത് വന്നിരിക്കുന്നത്.
പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന ആദ്യ ഘട്ടത്തിലും പദ്ധതിയെ അദ്ദേഹം പിന്തുണച്ചിരുന്നു. സേനയുടെ യുവത്വം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ലേഖനത്തില്‍ തിവാരി പറയുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം സൈന്യത്തെ ആധുനികവത്കരിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിച്ചിരുന്നുവെന്ന് മനീഷ് തിവാരി പറയുന്നു. സൈന്യത്തെ ആധുനികവത്കരിക്കുക പരിഷ്കരിക്കുകയെന്നത് പ്രധാനമാണ്. ഇത് രണ്ടും അഗ്നിപഥ് ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും അതുകൊണ്ട് പദ്ധതി നടപ്പിലാകേണ്ടത് അനിവാര്യമാണെന്നാണ് തിവാരി പറയുന്നത്.
അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച ഘട്ടത്തിലാണ് തിവാരി ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയത്. അപ്പോള്‍ മുതിര്‍ന്ന നേതാവിനെ തള്ളി കോണ്‍ഗ്രസ് രംഗത്ത് വരികയും ചെയ്തിരുന്നു. അതിനിടെയാണ് വിശദമായ ലേഖനവുമായി തിവാരി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. അതേ സമയം മനീഷ് തിവാരിയെ തള്ളി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
മനീഷ് തിവാരി കുറിച്ചിരിക്കുന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് ഈ വിഷയത്തില്‍ അഭിപ്രായം മുന്‍പ് തന്നെ പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ദേശസുരക്ഷയ്ക്കും യുവജനങ്ങള്ക്കുമെതിരായ പദ്ധതിയാണ് അഗ്നിപഥ് എന്നും ജയറാം രമേശ് പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഒരു പദ്ധതിയെ പാര്‍ട്ടി എതിര്‍ക്കുമ്പോള്‍ അതിനെ ഒരു മുതിര്‍ന്ന് നേതാവ് അനുകൂലിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..