
കപിൽ സിബൽ | Photo: PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനവുമായി വീണ്ടും കപില്‍ സിബല്‍. ബിഹാര്‍ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കപില്‍ സിബലിന്റെ പ്രതികരണം. ബി.ജെ,പിക്കെതിരേ കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. കനത്ത തിരിച്ചടികള്‍ നേരിട്ടിട്ടും ആത്മപരിശോധന നടത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍ പറഞ്ഞു.
കഴിഞ്ഞ പതിനെട്ടു മാസമായി ഒരു മുഴുവന്‍ സമയ അധ്യക്ഷന്‍ പോലും ഇല്ലാത്ത പാര്‍ട്ടിക്ക് എങ്ങനെ ക്രിയാത്മക പ്രതിപക്ഷമാകാന്‍ സാധിക്കുമെന്ന് കപില്‍ സിബല്‍ ചോദിച്ചു. എന്തു കൊണ്ടാണ് തിരിച്ചടികള്‍ ഉണ്ടാകുന്നത് എന്നത് സംബന്ധിച്ച് ഒരു ആത്മപരിശോധന നടത്താന്‍ പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. എന്നാല്‍ താന്‍ ഗാന്ധി കുടുംബത്തിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താതെ വിമര്‍ശനമുന്നയിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്ന അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തോടും കപില്‍ സിബല്‍ പ്രതികരിച്ചു. 'അധീറിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ബംഗാള്‍ തിരഞ്ഞെടുപ്പ് വരികയാണ്. ബംഗാളില്‍ കോണ്‍ഗ്രസ് ഒരു ശക്തിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹം തന്റെ ഊര്‍ജം ഉപയോഗിക്കണം. ബംഗാളിലെ താരപ്രചാരകരുടെ ഒരു പട്ടിക തന്നെയുണ്ട്. എന്നാല്‍ പ്രതിപക്ഷത്തെ നേതാവിന് അത് പോലും അറിയില്ല. ആ പട്ടികയില്‍ ഉണ്ടാകണമെന്ന് എനിക്കാഗ്രഹമുണ്ട്.' കപില്‍ സിബല്‍ പറയുന്നു.
നിങ്ങളുടെ പാര്‍ട്ടിക്ക് എന്തുപറ്റിയെന്ന ചോദ്യം ജനങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും അവരുടെ വികാരം മനസ്സിലാക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും കപില്‍ സിബല്‍ കുററപ്പെടുത്തുന്നു. "ഞാന്‍ ആരേയും വെല്ലുവിളിക്കുകയല്ല. നാളെ മാറ്റം ഉണ്ടാകില്ലെന്ന് നമുക്കറിയാം. 2014-ല്‍, 2019ല്‍ എല്ലാം പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിലൂടെ മാറ്റം ഉണ്ടാകില്ല. നാം ജനങ്ങളുടെ അടുത്തേക്ക് പോകണം. എന്നിട്ട് എന്താണ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രമെന്ന് അവരോട് പറയണം."
നേതൃമാറ്റത്തെ കുറിച്ച് പ്രതികരിക്കേണ്ടത് നേതൃത്വമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. 'ഇത് വ്യക്തിയെ സംബന്ധിച്ച കാര്യമല്ല, മറിച്ച് രാജ്യത്തെയും ജനാധിപത്യത്തേയും രാഷ്ട്രീയ വാഴ്ചയില്‍നിന്നു രക്ഷിക്കുന്നത് സംബന്ധിച്ചുളളതാണ്. എന്റെ രാജ്യത്തോടാണ് എനിക്ക് കൂറ്, വ്യക്തിയോടല്ല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നത് വരെ ഞാന്‍ ചോദ്യമുയര്‍ത്തിക്കൊണ്ടിരിക്കും.' സിബല്‍ പറയുന്നു.
Content Highlights: Congress leader Kapil Sibal criticises Congress party leadership
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..