ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ആസൂത്രണം നടത്തുന്നതിന്റെ വീഡിയോ പുറത്ത്. യെലഹങ്ക എംഎല്‍എ എസ്ആര്‍ വിശ്വനാഥനെ വകവരുത്താന്‍ കോണ്‍ഗ്രസ് നേതാവായ ഗോപാല്‍കൃഷ്ണ ആസൂത്രണം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി. 

ഗോപാല്‍കൃഷ്ണ മറ്റൊരാളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 'അവനെ കൊല്ലണം, എംഎല്‍എയെ തീര്‍ത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ ചെലവാകും. അത് ഒക്കെയാണ്. തീര്‍ത്തേക്ക്. ഇക്കാര്യം നമുക്കിടയില്‍ മാത്രമായി ഒതുങ്ങണം, മറ്റാരും ഇതേക്കുറിച്ച് അറിയരുത്' എന്നും ഗോപാല്‍കൃഷ്ണ വീഡിയോയില്‍ പറയുന്നു. കന്നടയിലാണ് കൊലപാതകം സംബന്ധിച്ച ഇരുവരുടെയും ചര്‍ച്ച. അതേസമയം വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് വിഷയത്തെ ഗൗരവത്തിലാണ് സമീപിക്കുന്നതെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. എംഎല്‍എയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന് അധിക സുരക്ഷ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

content highlights: Congress leader caught on camera 'planning murder' of BJP's MLA