ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ബി.കെ. ഹരിപ്രസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താനും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണ് ഭീകരാക്രമണം എന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് ബി.കെ ഹരിപ്രസാദ് രംഗത്തെത്തിയത്.

പ്രധാനമന്ത്രി മോദിയും പാകിസ്താനും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുകളി നടന്നിട്ടുണ്ടോ എന്ന കാര്യം രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കണം. അവരുടെ അറിവില്ലാതെ പുല്‍വാമ ഭീകരാക്രമണം സംഭവിക്കില്ല. പുല്‍വാമ ആക്രമണത്തിനു ശേഷമുള്ള സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഈ ഒത്തുകളി  വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യം കടുത്ത വേദനയിലൂടെ കടന്നുപോകുന്നതിന് ഇടയാക്കിയ ഭീകരാക്രമണത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണെന്ന് രവിശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു. സൈന്യത്തെ അപഹസിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മര്യാദയുടെ എല്ലാ പരിധിയും ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സൈന്യത്തെയും ജീവത്യാഗം ചെയ്ത 40 സൈനികരെയും കോണ്‍ഗ്രസ് അപമാനിച്ചു. രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസിന് യാതൊരു ഭാവിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രസ്താവനകള്‍ അബദ്ധത്തില്‍ സംഭവിക്കുന്നതല്ല. രാഹുല്‍ ഗാന്ധിയുടെ അറിവോടുകൂടിയാണ് ഇത്. ഇത്തരം അപമാനകരമായ പ്രസ്താവനകളുടെ പേരില്‍ ഒരു ക്ഷമാപണം ആവശ്യപ്പെടുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Content Highlights: Congress leader B K Hariprasad, 'match-fixing' over Pulwama, Balakot Attack, India Surgical Strike 2