ന്യുഡല്‍ഹി:ട്വിറ്ററിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം. 

ട്വിറ്റര്‍ ഭയപ്പെടേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഇരട്ടത്താപ്പ് നയമാണ് ട്വിറ്റര്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ പങ്കുവെച്ച സമാന ചിത്രം പങ്കുവെച്ച ബി.ജെ.പി. നേതാവ് അഞ്ചു ബാലയ്‌ക്കെതിരെ നടപടി എടുക്കാത്തത് ട്വിറ്ററിന്റെ ഇരട്ടത്താപ്പാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 

 

'മോദി സര്‍ക്കാര്‍ ട്വിറ്ററിനെ ഭയപ്പെടുത്തുന്നു' എന്ന തലക്കെട്ടോടെ പോസ്റ്ററും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഡല്‍ഹി ബലാത്സംഗ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട രാഹുലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ മോദി സര്‍ക്കാര്‍ ട്വിറ്ററിനെ നിര്‍ബന്ധിക്കുന്നതായും പോസ്റ്ററില്‍ ആരോപിക്കുന്നു.

ട്വിറ്റര്‍ വിലക്ക് നീങ്ങുന്നതുവരെ രാഹുല്‍ ഗാന്ധി തന്റെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എല്ലാവരുമായും ബന്ധപ്പെടുമെന്നും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുകയും അവരുടെ ലക്ഷ്യത്തിനായി പോരാടുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തിട്ടില്ലെന്നും തുടരുന്നുണ്ടെന്നും ട്വിറ്റര്‍ ഇന്ത്യ അറിയിച്ചു. 

Content Highlights: Congress lashes out at twitter on its double standards in rahul gandhi tweets