Deepika Pushkar Nath | Photo: PTI
ന്യൂഡൽഹി: ജമ്മു കശ്മീർ കോൺഗ്രസ് വക്താവ് ദീപിക പുഷ്കർ നാഥ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെയാണ് രാജി. ട്വിറ്ററിൽ കൂടിയായിരുന്നു താൻ പാർട്ടിയിൽ നിന്ന് രാജിവെക്കുന്നു എന്ന കാര്യം ദീപിക അറിയിച്ചത്.
മുൻ മന്ത്രി ചൗധരി ലാൽ സിങിനെ ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് താൻ പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നതെന്നും ദീപിക ട്വീറ്റിൽ പറയുന്നു. രാജ്യത്ത് ഏറെ വിവാദമായ കത്വ കേസ് ചൗധരി ലാൽ സിങ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ദീപികയുടെ ആരോപണം. പ്രതികളെ സംരക്ഷിക്കാൻ വേണ്ടി ജമ്മു കശ്മീരിലെ മുഴുവൻ പ്രദേശങ്ങളെയും ഭിന്നിപ്പിച്ചയാളാണ് ലാൽ സിങ്. അത്തരത്തിൽ ഒരാളുമായി പാർട്ടി വേദി പങ്കിടാൻ സാധിക്കില്ലെന്നും ദീപിക ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിൽ നിന്ന് രണ്ട് തവണ എം.പിയും മൂന്ന് തവണ എം.എൽ.എയുമായിരുന്നു ലാൽ സിങ്. 2014ൽ ലോക്സഭാ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. തുടർന്ന് പി.ഡിപി. - ബി.ജെ.പി. സർക്കാരിൽ അദ്ദേഹം മന്ത്രിയുമായിരുന്നു. സർക്കാർ വീഴുന്നതിന് മാസങ്ങൾക്ക് മുമ്പ് 2018ൽ അദ്ദേഹം ബി.ജെ.പി.യിൽ നിന്ന് രാജിവെച്ചു. കത്വ കേസിൽ ഇരയുടെ കുടുംബത്തിനൊപ്പം ശക്തമായി നിന്ന അഭിഭാഷക കൂടിയായിരുന്നു ദീപിക.
Content Highlights: Congress Jammu And Kashmir Spokesperson Resigns
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..