Photo | PTI
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പദ്ധതിയിടുന്ന കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങള്‍ മോദിക്കൊപ്പമുണ്ടെന്ന കാര്യം അംഗീകരിക്കാതെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയിലെ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവാന്‍ വോട്ടുചെയ്ത ജനതയാണ് ഇന്ത്യയിലുള്ളതെന്നും പറഞ്ഞ അമിത്ഷാ, കോണ്‍ഗ്രസും ഗാന്ധി കുടുംബവും കഴിഞ്ഞ ഒന്‍പതു വര്‍ഷമായി പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും വ്യക്തമാക്കി. പാര്‍ലമെന്റ് നടപടിക്രമങ്ങളും മോദിയുടെ പ്രസംഗങ്ങളും തടയുകയാണ് കോണ്‍ഗ്രസ്. രാജ്യത്തെ വലിയ ഒരു വിഭാഗം മോദിക്കൊപ്പമുണ്ട്. ഇത് അംഗീകരിക്കാതെയാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. പ്രധാനമന്ത്രിയെയും ജനവിധിയെയും അംഗീകരിക്കാത്ത കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അമിത്ഷാ പറഞ്ഞു.
കോണ്‍ഗ്രസ് ചെയ്യുന്നതെന്നതാണെന്ന് രാജ്യത്തെ ജനങ്ങള്‍ കാണുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ മുന്നൂറിലധികം സീറ്റുകള്‍ നേടി മോദി വീണ്ടും പ്രധാനമന്ത്രിയാവും. കോണ്‍ഗ്രസിന് 2019-നെക്കാള്‍ കുറവ് സീറ്റുകളാണ് ലഭിക്കുക. ബി.ജെ.പി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ ബഹുമാനിക്കുകയും നിര്‍മാണാത്മകമായ പങ്കുവഹിക്കുകയും ചെയ്തിരുന്നെന്നും അമിത്ഷാ പറഞ്ഞു.
മേയ് 28-നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ചടങ്ങിലേക്ക് രാഷ്ട്രപതിയെയോ ഉപരാഷ്ട്രപതിയെയോ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി., എ.എ.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
Content Highlights: congress, its allies will pay price in 2024 for disrespecting pm, amit shah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..