റായ്പുര്‍ (ഛത്തീസ്ഗഢ്): അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് പ്രധാന തടസം കോണ്‍ഗ്രസാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം അയോധ്യയില്‍ വേണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ജനവികാരത്തെ മാനിക്കുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി എന്തും ഇക്കാര്യത്തില്‍ ചെയ്യുമെന്ന് അദ്ദേഹം എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

നേരത്തെ ഛത്തീസ്ഗഢില്‍ റാലിയെ അഭിസംബോധനെ ചെയ്യുന്നതിനിടെയും യോഗി ആദിത്യനാഥ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢില്‍ മാവോവാദം വളര്‍ത്തിയത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ക്ക് ഭീഷണിയായ മാവോവാദികളെ നേരിടാന്‍ ബിജെ.പി സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് രാജ്യസുരക്ഷയെ ബലികഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.