ന്യൂഡൽഹി: ബി.ജെ.പിയാണ് അധികാരത്തിൽ എന്ന സത്യം മനസ്സിലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അസമിലും ബംഗാളിലും കേരളത്തിലും തോറ്റിട്ടും കോൺഗ്രസ് 'കോമ'യിൽ നിന്ന് പുറത്തുകടന്നിട്ടില്ലെന്നും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ബി.ജെ.പിക്കെതിരെയുള്ള കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി മറുപടി നൽകിയത്. 

"കോൺഗ്രസിന്റെ പെരുമാറ്റം നിരുത്തരവാദപരവും ദൗർഭാഗ്യകരവുണ്. 60 വർഷം രാജ്യം ഭരിച്ചതിന്റെ അധികാരബോധമാണ് കോൺഗ്രസിന്. അധികാരത്തിന് അർഹതയുണ്ടെന്നാണ് കോൺഗ്രസിന്റെ ധാരണ. അതാണ് പ്രതിപക്ഷത്തിന്റെ ജോലികളിൽ നിന്ന് അവരെ പിൻതിരിപ്പിക്കുന്നത്. ജനങ്ങൾ നമ്മളെ അധികാരത്തിലേറ്റിയ സത്യം അവർ തിരിച്ചറിയുന്നില്ല. പ്രതിപക്ഷമെന്ന നിലയിൽ ജനക്ഷേമ കാര്യങ്ങളിലാണ് കോൺഗ്രസ് ശ്രദ്ധിക്കേണ്ടത്.  സത്യത്തിൽ രാജ്യത്ത് വാക്‌സിൻ ദൗർലഭ്യമില്ല. എന്നിട്ടും മനപൂർവം പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. എല്ലാ സ്ഥലത്തും തകർന്നടിയുമ്പോഴും നമ്മുടെ കാര്യത്തിലാണ് അവരുടെ ശ്രദ്ധ." പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധി രാഷ്ടീയ വിഷയമല്ല, മനുഷ്യത്വപരമായ വിഷയമാണ്.  മഹാമാരിയിൽ ആരും പട്ടിണികിടക്കില്ലെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഡൽഹിയിൽ 20 ശതമാനം കോവിഡ് മുൻനിരപ്പോരാളികൾക്ക് ഇതുവരെ വാക്‌സിൻ ലഭിച്ചില്ലെന്നത് ദൗർഭാഗ്യകരമാണെന്നും മോദി പറഞ്ഞു. 

Content Highlights: Congress is in Coma, they are on decline but still blames BJP