രാഹുൽ ഗാന്ധി | Photo: mathrubhumi
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളും തൂത്തുവാരുമെന്നും ബിജെപി അപ്രത്യക്ഷമാകുമെന്നും രാഹുല്‍ ഗാന്ധി. ഇതിന് സഹായിക്കും വിധം ബിജെപിയില്‍ വലിയ അടിയൊഴുക്കുണ്ടന്നാണ് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്.
'ഞാന്‍ ഉറപ്പിച്ചു പറയുന്നു, മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരാന്‍ പോവുകയാണ്. ബിജെപിയെ എവിടെയും കാണില്ല. മധ്യപ്രദേശില്‍ ബിജെപി, സര്‍ക്കാര്‍ രൂപീകരിച്ചത് പണം കൊണ്ടാണെന്ന് ഓരോരുത്തര്‍ക്കും അറിയാം' ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപിയ്ക്കെതിരെ വലിയ രീതിയില്‍ അടിയൊഴുക്കുണ്ട്. തന്ത്രപരമായ ഒരു രാഷ്ട്രീയ പോരാട്ടമായിരിക്കില്ല ഇനി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുക. ഒരു കേന്ദ്ര പ്രത്യശാസ്ത്ര ചട്ടക്കൂട് പ്രതിപക്ഷത്തിന് ആവശ്യമുണ്ട്. അത് കോണ്‍ഗ്രസിന് മാത്രമേ നല്‍കാനാവൂ. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിലും ഞങ്ങള്‍ക്ക് പങ്കുണ്ടെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ രാഷ്ട്രീയ ഇടം പൂര്‍ണമായും കയ്യാളുന്ന ബിജെപിയെ നേരിടുന്നതിന് പ്രതിപക്ഷ നേതാക്കളും കോണ്‍ഗ്രസും തമ്മില്‍ പരസ്പര ബഹുമാനം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഒരു ലക്ഷ്യത്തിന് വേണ്ടി പ്രതിപക്ഷം ഫലപ്രദമായി നിലകൊണ്ടാല്‍ തിരഞ്ഞെടുപ്പ് വിജയിക്കുക ബിജെപിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാവും. പക്ഷെ, പ്രതിപക്ഷത്ത് ഫലപ്രദമായ എകോപനം ഉണ്ടാവേണ്ടതുണ്ട്. ഒരു ബദല്‍ കാഴ്ചപ്പാടുമായി പ്രതിപക്ഷം ജനങ്ങളിലേക്കിറങ്ങിച്ചെല്ലണം. ആ കാഴ്ചപ്പാട് എങ്ങനെ ആയിരിക്കണം എന്നും രാഹുല്‍ സൂചിപ്പിച്ചു.
വാടക തേടുന്ന രാജ്യമല്ല ഉല്പാദന രാജ്യമായി ഇന്ത്യ വളരണം. മെഡിസിന്, സിവില്‍ സര്‍വീസ്, നിയമം തുടങ്ങിയ മേഖലകള്‍ക്കപ്പുറത്തേക്ക് കാണാനും തങ്ങളുടെ സങ്കല്‍പ്പങ്ങള്‍ക്ക് ചിറകുനല്‍കാനും കുട്ടികളെ അനുവദിക്കുന്ന വിദ്യാഭ്യാസ നയം ഉണ്ടാവണം. രാജ്യത്തിന് വ്യക്തമായ വിദേശ നയവും മെച്ചപ്പെട്ട സാമ്പത്തിക സമത്വവും ഉണ്ടാവണം. വലിയ വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കണം. അവര്‍ക്ക് സമ്പദ് വ്യവസ്ഥയില്‍ വലിയ പങ്കുണ്ട്. എന്നാല്‍ അത് രണ്ടോ മൂന്നോ വ്യക്തികളുടെ നിയന്ത്രണത്തിലാവരുത് എന്നും രാഹുല്‍ പറഞ്ഞു.
Content Highlights: Congress , Madhya Pradesh election, Rahul Gandhi, BJP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..