രാഹുൽ ഗാന്ധി, മായാവതിയും അഖിലേഷ് യാദവും | Photo: ANI, AP
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശ് പര്യടനത്തില്‍ പങ്കുചേരാന്‍ ഇതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ച് കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി.എസ്.പി. നേതാവ് മായാവതി, ആര്‍.എല്‍.ഡി. നേതാവ് ജയന്ത് ചൗധരി തുടങ്ങിയവരെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ. ശിവ്പാല്‍ യാദവ്, ബി.എസ്.പി. ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര, എസ്.ബി.എസ്.പി. അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ എന്നിവര്‍ക്കും യാത്രയിലേക്ക് ക്ഷണമുണ്ട്.
പ്രതിപക്ഷത്തെ പ്രമുഖനേതാക്കളെയെല്ലാം യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് സിങ് അറിയിച്ചു. ആളുകള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ ഉന്നയിക്കാന്‍ അനുമതിയില്ലാത്ത കാലത്ത്, ജനങ്ങളുടെ മനസ്സറിയാനുള്ള ഏകമാര്‍ഗം ഭാരത് ജോഡോ യാത്രയാണ്. നിലവിലെ സര്‍ക്കാരിനെക്കുറിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ക്കെല്ലാം ഒരേ അഭിപ്രായമായതിനാലാണ് ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി മൂന്നിനാണ് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുക. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ യാത്രയ്ക്ക് നിലവില്‍ വിശ്രമമാണ്. ഗാസിയാബാദിലെ ലോനിയില്‍ വെച്ച് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുന്ന യാത്ര ഭാഗ്പത്, ഷാംലി വഴി ഹരിയാണയിലേക്ക് പോകും.
മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനാണ് സംസ്ഥാനത്ത് യാത്രയുടെ ഏകോപന ചുമതല. സംസ്ഥാനത്ത് യാത്ര കടന്നുപോകുന്ന മൂന്ന് ദിവസവും പ്രിയങ്കാ ഗാന്ധി മുഴുവന്‍ സമയവും യാത്രയില്‍ പങ്കെടുക്കും.
Content Highlights: Congress invites Akhilesh, Mayawati to Bharat Jodo Yatra's UP leg
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..