ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ബി.1.617 വകഭേദത്തെ 'ഇന്ത്യന്‍ വകഭേദം' എന്ന് പരാമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. പ്രതിപക്ഷ പാര്‍ട്ടി ഭയവും ആശങ്കയും ഉണ്ടാക്കുക മാത്രമല്ല, പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

വകഭേദം ഇന്ത്യയിലാണ് ആരംഭിച്ചതെന്ന കോൺഗ്രസ് നേതാവ് കമല്‍ നാഥിന്റെ പ്രസ്താവനയെ സോണിയാ ഗാന്ധി എന്തുകൊണ്ടാണ് വിമര്‍ശിക്കാത്തതെന്ന് പ്രകാശ് ജാവദേക്കര്‍ ചോദിച്ചു. പാര്‍ട്ടി എന്തുകൊണ്ടാണ് നിഷേധാത്മക രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നത് ?സോണിയ ഗാന്ധി വിശദീകരിക്കണമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ജാവദേക്കര്‍ പറഞ്ഞു.

" അദ്ദേഹം അതിനെ ഇന്ത്യന്‍ കൊറോണ എന്നാണ് വിളിച്ചത്. ഇത് ഇന്ത്യയെ അപമാനിക്കുന്നതാണ്. മറ്റു പല കോണ്‍ഗ്രസ് നേതാക്കളും അങ്ങനെ ചെയ്തിട്ടുണ്ട്. വേരിയന്റുകളെ ഏതെങ്കിലും രാജ്യത്തിന്റെ പേരിട്ടല്ല വിളിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്." - ജാവദേക്കര്‍ പറഞ്ഞു. 

 

Content Highlights: Congress insulted nation by referring to Covid-19 variant as Indian, says Prakash Javadekar