അഗര്‍ത്തല: ഉപതിരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലെ ബാധര്‍ഘട്ട് നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി. വിജയിച്ചെങ്കിലും വോട്ടുവിഹിതത്തില്‍ വന്‍ വര്‍ധനവുണ്ടാക്കിയത് കോണ്‍ഗ്രസ്. മത്സരത്തില്‍ മൂന്നാം സ്ഥാനത്തായെങ്കിലും കഴിഞ്ഞതവണത്തെക്കാള്‍ 18 മടങ്ങ് വോട്ടുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രത്തന്‍ചന്ദ്ര ദാസ് ഇക്കുറി സ്വന്തമാക്കിയത്. 

ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ആകെ 505 വോട്ടുകള്‍ മാത്രമാണ് രത്തന്‍ചന്ദ്ര ദാസിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ അദ്ദേഹം 9105 വോട്ടുകള്‍ നേടി. 

ബി.ജെ.പി. എം.എല്‍.എയായിരുന്ന ദിലീപ് സര്‍ക്കാരിന്റെ മരണത്തെത്തുടര്‍ന്നാണ് ബാധര്‍ഘട്ട് നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്‌.

കഴിഞ്ഞദിവസം വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ സീറ്റ് ബി.ജെ.പി. നിലനിര്‍ത്തി. ബി.ജെ.പി. സ്ഥാനാര്‍ഥിയായ മിമി മജൂംദര്‍ 5276 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ബി.ജെ.പിക്ക് ആകെ ലഭിച്ച വോട്ടുകള്‍ 20487. രണ്ടാമത് എത്തിയ സി.പി.എം. സ്ഥാനാര്‍ഥി ബുള്‍തി ബിശ്വാസ് 15211 വോട്ടുകള്‍ നേടി. 

കഴിഞ്ഞതവണ ബി.ജെ.പിക്ക് 28561 വോട്ടുകളും സി.പി.എമ്മിന് 23113 വോട്ടുകളും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഈ രണ്ടുപാര്‍ട്ടികളുടെയും വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. 

Content Highlights: congress increased their vote share in tripura byelection, bjp won the seat, cpm on second position