അമിത് ഷാ,മണിക് സാഹ, സീതാറാം യെച്ചൂരി, മണിക് സർക്കാർ
അഗര്‍ത്തല: തിരഞ്ഞെടുപ്പ് ആസന്നമായ ത്രിപുരയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം. ഒരു കാലത്ത് തങ്ങളുടെ ഉരുക്കു കോട്ടയായിരുന്ന ത്രിപുരയെ തിരിച്ചുപിടിക്കാനുള്ള സഖ്യ ചര്‍ച്ചകളിലാണ് സിപിഎം. കോണ്‍ഗ്രസുമായും പ്രാദേശിക പാര്‍ട്ടികളുമായും ചേര്‍ന്ന് സഖ്യം രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി തുടരുന്നുണ്ട്. ഇതിനിടെ ഭരണകക്ഷിയായ ബിജെപിയില്‍ എംഎല്‍എമാരുടെ കൂട്ടരാജിക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കുന്നതിനാണ് അമിത് ഷായുടെ വരവ്. അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്താനിരിക്കെ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
ഗോമതി ജില്ലയില്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാര്‍ ദേബിന്റെ കുടുംബ വീടിന് സമീപമാണ് ചൊവ്വാഴ്ച രാത്രിയില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും കുറച്ചുപേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചോടെയാകും ത്രിപുരയിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുക.
ബിജെപി സഖ്യം വിട്ടത് എട്ട് എംഎല്‍എമാര്‍
തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെ ത്രിപുരയില്‍ ഒരു വര്‍ഷത്തിനിടെ ബിജെപി-ഐപിഎഫ്ടി വിട്ടത് എട്ട് എംഎല്‍എമാരാണ്. ഇതില്‍ അഞ്ചും ബിജെപി എംഎല്‍എമാരാണ്. ഏറ്റവും ഒടുവിലായി നാല് ദിവസങ്ങള്‍ക്ക് മുമ്പ് മുതിര്‍ന്ന നേതാവും ആദിവാസി നേതാവുമായ ദിബ ചന്ദ്ര ഹ്രാങ്ഖാള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി സഖ്യം രാജിവെച്ച എട്ടു എംഎല്‍എമാരില്‍ മൂന്ന് പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നാലുപേര്‍ ത്രിപുരയിലെ രാജകുടുംബത്തില്‍ നിന്നുള്ള പ്രദ്യോത് ബിക്രം മാണിക്യദേബ് ബര്‍മന്റെ ടി.ഐ.പി.ആര്‍എ പാര്‍ട്ടിയിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ പര്‍ട്ടി വലിയ കുതിച്ചുചാട്ടം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബിജെപി സംഖ്യം വിട്ട ഒരു എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസിലും ചേര്‍ന്നു.
അമിത് ഷാ എത്തും, രഥയാത്രകള്‍ക്ക് തുടക്കംകുറിക്കും
ത്രിപുരയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിക്കുന്നതിന് ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച രാത്രിയോടെ സംസ്ഥാനത്തെത്തും. വ്യാഴാഴ്ച അദ്ദേഹം രണ്ട് രഥയാത്രകള്‍ ഫ്ളാഗ് ഓഫ് ചെയ്യും.
സംസ്ഥാന തലസ്ഥാനമായ അഗര്‍ത്തലയില്‍നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള വടക്കന്‍ ത്രിപുരയിലെ ധര്മനഗറിലെത്തിയാകും ആദ്യ യാത്രയക്ക് അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്യുക. രണ്ടാം രഥയാത്രയ്ക്ക് തുടക്കംകുറിക്കുന്നതിനായി ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമുള്ള ദക്ഷിണ ത്രിപുരയിലെ സബ്റൂം അദ്ദേഹം സന്ദര്‍ശിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
60 അംഗ ത്രിപുര നിയമസഭയിലേക്ക് 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നേടിയത്. തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന സിപിഎമ്മിന് 16 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായിരുന്നത്. എന്നാല്‍ ഇടതുപക്ഷവും ബിജെപിയും തമ്മില്‍ വോട്ട് വിഹിതത്തിലെ വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു.
വന്‍ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ച ബിജെപി ബിപ്ലബ് കുമാര്‍ ദേബിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കവും സംസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ഉടലെടുക്കുന്നുണ്ടെന്ന തിരിച്ചറിവും മൂലം ബിജെപി കഴിഞ്ഞ മേയില്‍ മുഖ്യമന്ത്രിയെ മാറ്റി. മണിക് സാഹയെ മുഖ്യമന്ത്രിയാക്കി. ഇതിനിടെ മുന്നണിയിലെ വിള്ളലും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കും മൂലം ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. 2018-ല്‍ പാര്‍ട്ടിയെ അധികാരത്തിലേറാന്‍ ഏറെ സഹായിച്ച ഗോത്ര വിഭാഗ നേതാക്കളാണ് പാര്‍ട്ടി വിടുന്നവരില്‍ കൂടുതല്‍ എന്നത് തലവേദന ഇരട്ടിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്-പ്രാദേശിക സഖ്യത്തിന് സിപിഎം
കോണ്‍ഗ്രസുമായും മറ്റു മതനിരപേക്ഷ പാര്‍ട്ടികളുമായും സഖ്യംരൂപീകരിച്ച് പാര്‍ട്ടിയുടെ കോട്ട തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ സിപിഎമ്മിന്റെ മുഖവുമായ മണിക് സര്‍ക്കാര്‍ തന്നെയാണ് സഖ്യശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത്. ടി.ഐ.പി.ആര്.എ.യുമായും കോണ്‍ഗ്രസുമായും ആദിവാസി വോട്ട്ബാങ്കുള്ള ചില പ്രാദേശിക പാര്‍ട്ടികളുമായും ഇതിനോടകം സിപിഎം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
എന്നാല്‍, പ്രദ്യോത് ബിക്രം മാണിക്യദേബ് ബര്‍മന്റെ ടി.ഐ.പി.ആര്‍എ സഖ്യത്തോട് വലിയ താത്പര്യം കാണിച്ചിട്ടില്ല. സംസ്ഥാനത്ത് സ്വന്തമായി മേധാവിത്വം സ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഇതിനിടെ ടി.ഐ.പി.ആര്.എയുമായി സഖ്യരൂപീകരണത്തിന് ബിജെപിയും ശ്രമം നടത്തുന്നുണ്ട്. പ്രദ്യോത് ബിക്രം മാണിക്യദേബ് ബര്മന് രാജ്യസഭാ സീറ്റടക്കം ബിജെപി വാഗ്ദാനം ചെയ്തതായി അവകാശവാദങ്ങളുണ്ടായിരുന്നു.
Content Highlights: Congress ‘in talks with Left-BJP-Election bugle sounded tripura
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..