പ്രശാന്ത് കിഷോർ| Photo: PTI
ന്യൂഡല്‍ഹി: പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും 2024-ലെ ലോക്‌സഭാ പോരാട്ടത്തിന് സജ്ജമാക്കാനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച കര്‍മപരിപാടികളില്‍ ചര്‍ച്ച നടത്തി കോണ്‍ഗ്രസ്. പാര്‍ട്ടി പരിഷ്‌കരണ-പുനരുജ്ജീവന അജണ്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ യോഗങ്ങള്‍ ചേരുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കി.
ഈ മാസം ആദ്യം പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി പുനരുജ്ജീവനവുമായി ബന്ധപ്പെട്ട രൂപരേഖ പ്രശാന്ത് കിഷോര്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. ഈ രൂപരേഖയെ അടിസ്ഥാനപ്പെടുത്തിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ജൂലായ് 13-നാണ് രാഹുലും പ്രിയങ്കയുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയത്. അതിനും മുന്‍പേ സോണിയാ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കന്മാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് തന്ത്രരൂപവത്കരണം, ഏകോപനം, സംഘാടനം, സഖ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ സജീവ ഇടപെടല്‍ നടത്താന്‍ പ്രശാന്ത് കിഷോര്‍ താല്‍പര്യപ്പെടുന്നെന്ന് ഒരു നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസിനെ എങ്ങനെ പുനരുജ്ജീവിപ്പിക്കണം എന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങളുടെ നീണ്ട പട്ടികയാണ് പ്രശാന്ത് കിഷോര്‍ കൈമാറിയതെന്ന് മറ്റൊരു നേതാവ് പറഞ്ഞു. ശേഷം കോണ്‍ഗ്രസില്‍ ചേരാന്‍ പ്രശാന്ത് കിഷോര്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദ്ദേഹത്തിന്റെ പദവി റോള്‍ എന്നിവ എന്തായിരിക്കണം എന്നതിനെക്കുറിച്ച് രാഹുല്‍ പ്രമുഖ നേതാക്കളുമായി ചര്‍ച്ചതുടരുന്നതായാണ് റിപ്പോര്‍ട്ട്
എല്ലാ തീരുമാനങ്ങളും കൈക്കൊള്ളാന്‍ ഒരു എംപവേഡ് ഗ്രൂപ്പ് രൂപവത്കരിക്കണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചതായാണ് സൂചന. മാത്രമല്ല, ജില്ലാ കമ്മിറ്റികളെ ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗുരുദ്വാര രകാബ് ഗഞ്ചിലെ കോണ്‍ഗ്രസിന്റെ വാര്‍ റൂമില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ നിരവധി തവണ യോഗം ചേര്‍ന്നുകഴിഞ്ഞു. കെ.സി. വേണുഗോപാലും എ.കെ. ആന്റണിയുമാണ് യോഗങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതേസമയം പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പ്രവര്‍ത്തക സമിതി അംഗങ്ങളുമായി പങ്കുവെച്ചിട്ടില്ലെന്നാണ് വിവരം. ആദ്യം നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പി. ചിദംബരം, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ പങ്കെടുത്തതായാണ് വിവരം.
രണ്ടാമത് നടന്ന യോഗത്തില്‍ ആനന്ദ് ശര്‍മ, ഹരീഷ് റാവത്ത്, കമല്‍നാഥ്, രഘുവീര്‍ മീണ, അംബിക സോണി എന്നിവരും മൂന്നാമത് നടന്ന യോഗത്തില്‍ പ്രിയങ്കാ ഗാന്ധി, ദിഗ്‌വിജയ സിങ്, താരിഖ് അന്‍വര്‍, ജയ്‌റാം രമേശ് എന്നിവരും പങ്കെടുത്തു.
content highlights: congress holds meeting over prashant kishor's party rejuvenation proposals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..