ന്യൂഡല്‍ഹി:അമേഠിയെ ചൊല്ലി കോണ്‍ഗ്രസും സ്മൃതി ഇറാനിയും തമ്മില്‍ പോര്. അമേഠി എംപി സ്മൃതി ഇറാനി ലോക്ക്ഡൗണില്‍ അന്താക്ഷരി കളിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി തന്റെ മുന്‍മണ്ഡലമായ അമേഠിയിലെ ജനങ്ങളോടുളള ഉത്തരവാദിത്വം നിര്‍വഹിക്കുകയാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.

 അമേഠിയിലെ ജനങ്ങള്‍ക്ക് 12,000 ബോട്ടിൽ സാനിറ്റൈസര്‍, 20,000 ഫെയ്‌സ്മാസ്‌ക്, 10,000 സോപ്പുകള്‍ എന്നിവ കോണ്‍ഗ്രസ് വിതരണം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഇപ്രകാരം ചെയ്തതെന്ന് പിന്നീട് കോണ്‍ഗ്രസിന്റെ ജില്ലാ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് സിഘാല്‍ വ്യക്തമാക്കിയിരുന്നു. 

സാനിറ്റൈസറും മാസ്‌കുകളും എത്തിക്കുന്നതിന് മുമ്പ് ഒരു ട്രക്കില്‍ ഗോതമ്പും അരിയും ജനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അമേഠി എം.പി. സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്.

കോണ്‍ഗ്രസ് ട്വിറ്റീനെതിര ശക്തമായ പ്രതികരണവുമായി തൊട്ടുപിന്നാലെ സ്മൃതി ഇറാനിയും രംഗത്തെത്തി. 'അമേഠിയിലെ ജനങ്ങള്‍ രക്ഷപ്പെട്ടാല്‍ രാഹുല്‍ ഗാന്ധി പിന്നെ എങ്ങനെ രാഷ്ട്രീയം കളിക്കും?'എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം.

'രാഷ്ട്രീയം മാറ്റിവെച്ച് മണ്ഡലത്തിലെ വികസനം ശ്രദ്ധിക്കണമെന്ന് ഞാന്‍ പ്രദീപിനോട് സംസാരിച്ചിരുന്നു. നിങ്ങള്‍ക്ക് ചിലപ്പോള്‍ ആ സന്ദേശം കിട്ടിക്കാണില്ല.'- സ്മൃതി കുറിച്ചു. 

കോണ്‍ഗ്രസ് കുടുംബത്തിന് വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണ് അമേഠി. 2019-ല്‍ സ്മൃതി ഇറാനിയോട് പരാജയപ്പെടുന്നതിന് മുമ്പ് മൂന്നുതവണ അമേഠിയെ രാഹുല്‍ പ്രതിനിധീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ അമേഠി കോണ്‍ഗ്രസിനെ കൈവിട്ടു.