ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഹൈക്കമാന്‍ഡിനു കടുത്ത അതൃപ്തി. പിസിസി, ഡിസിസി നേതൃത്വങ്ങള്‍ക്ക് വീഴ്ചയുണ്ടായെന്നും ജില്ലാ തലങ്ങളില്‍ അഴിച്ചുപണി വേണമെന്നുമാണ് അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. ജയസാധ്യതയ്ക്കു പകരം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് തിരിച്ചടിച്ചു, നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം അതിരുകടന്നു എന്നുമുള്ള വിലയിരുത്തലുമുണ്ട്.

കേരളസര്‍ക്കരിനെതിരേ വലിയ രീതിയിലുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും നിലനില്‍ക്കെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. അനുകൂല സാഹചര്യമുണ്ടായിട്ടു പോലും കോണ്‍ഗ്രസ്സിന് ജയിക്കാന്‍ കഴിയാഞ്ഞതിലാണ് നേതൃത്വത്തിന്‌ കടുത്ത അതൃപ്തിയുള്ളത്. ഇതുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറിയായ താരിഖ് അന്‍വര്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിലയിരുത്തല്‍ ഹൈക്കമാന്‍ഡ് നടത്തിയത്.

അനുകൂല സാഹചര്യം ഉണ്ടായിട്ടും അത് മുതലാക്കാന്‍ പിസിസി നേതൃത്വത്തിനു കഴിഞ്ഞില്ല. പിസിസിക്കും ഡിസിസി നേതൃത്വത്തിനും വീഴ്ചയുണ്ടായെന്നും ഡിസിസികളില്‍ അഴിച്ചുപണി വേണമെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിനുണ്ട്. ജയസാധ്യതയ്ക്ക് പകരം ഗ്രൂപ്പടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്നും ഇത്  സാധ്യതകളെ ബധിച്ചു എന്നവിലയിരുത്തലുമുണ്ട്.

വെല്‍ഫെയര്‍ പാർട്ടി വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് ഭിന്നതകളുണ്ടായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിയില്‍ നിന്ന് ഒഴിഞ്ഞു പോയി. പ്രത്യേകിച്ച് മധ്യകേരളത്തില്‍ നിന്ന്. നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം സാധ്യതകളെ ബാധിച്ചുവെന്നും ഹൈക്കമാൻഡ് വിലയിരുത്തി. 

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് അധികാരം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കേരളവും തമിഴ്‌നാടുമാണ് പ്രതീക്ഷയുള്ള സംസ്ഥാനങ്ങള്‍. എന്നാല്‍ നിലവിലെ ഫലം ആശങ്കയുണ്ടാക്കുന്നതാണെന്നാണ് ഹൈക്കമാന്‍ഡ് നിരീക്ഷണം. നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക ചർച്ചയുടെ ഭാഗമായി രാഹുല്‍ ഗാന്ധി സംസ്ഥാനനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 

content highlights; Congress highcommand observation on local body election