ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ഹിന്ദു വിരുദ്ധരാണെന്ന് ബി.ജെ.പി. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തിലെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് ബി.ജെ.പി കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. 

രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തെയും അതിന്റെ സംസ്‌കാരത്തെയും നിരന്തരം അപമാനിച്ച് സംസാരിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പറഞ്ഞു. ഗാന്ധി കുടുംബം അവസരം കിട്ടുമ്പോഴെല്ലാം ഹിന്ദുത്വത്തെ അപമാനിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഒത്താശയോടെ ശശി തരൂര്‍, പി. ചിദംബരം, ദിഗ്‌വിജയ് സിങ് എന്നിവരെല്ലാം ഹിന്ദു സംസ്‌കാരത്തെ ഇകഴ്ത്തി സംസാരിക്കുകയാണ്. ഹിന്ദു താലിബാന്‍, ഹിന്ദു പാകിസ്താന്‍, കാവി ഭീകരത എന്നീ വാക്കുകള്‍ ഇവരുടെ സംഭാവനയാണെന്നും സംബിത് പത്ര ആരോപിച്ചു.

'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്' എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് പുതിയ 'ഹിന്ദുത്വ വിവാദത്തിന് വഴിവെച്ചത്. അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം ജിഹാദികളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ്- എന്ന പുസ്തകത്തിലെ ഈ ഭാഗമാണ് വിവാദത്തിന് വഴിവെച്ചത്.

തുടര്‍ന്ന് സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഹിന്ദു മതവുംം ഹിന്ദുത്വവും രണ്ടാണെന്നും ആരെയും കൊല്ലാനല്ല ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Content Highlights: Congress has pathological hatred for Hinduism- BJP