പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി| Photo:PTI
പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കേ ഭൂരിപക്ഷം നഷ്ടപ്പെട്ട് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇക്കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ നാല് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് സ്ഥാനം രാജിവെച്ചത്.
തിരഞ്ഞെടുക്കപ്പെട്ട 30 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നുപേരും ഉള്‍പ്പെട്ടതാണ് പുതുച്ചേരി നിയമസഭ. ഭരണ മുന്നണിക്ക് 18 അംഗങ്ങളാണുണ്ടായിരുന്നത്. 14 അംഗങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. മൂന്ന് ഡി.എം.കെ. അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ ആയിരുന്നു നാരായണ സ്വാമി സര്‍ക്കാരിന്റെ ഭരണം.
എന്നാല്‍ നാല് എം.എല്‍.എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗസംഖ്യ 10 ആയി ചുരുങ്ങി. ഇതോടെയാണ് നാരായണസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്.
എ.നമശ്ശിവായം, ഇ. തീപ്പായ്ന്താന്‍ എന്നിവര്‍ ജനുവരി 25 നാണ് എം.എല്‍.എ. സ്ഥാനങ്ങള്‍ രാജിവെച്ചത്. ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവു രാജിവെക്കുന്നതായി തിങ്കളാഴ്ച വൈകുന്നേരം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു.
സ്പീക്കറെ അഭിസംബോധന ചെയ്യുന്ന കത്തും റാവു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ റാവുവിന്റെ രാജിയെ കുറിച്ച് സ്പീക്കറുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് കാമരാജ്‌നഗര്‍ എം.എല്‍.എയായ ജോണ്‍ കുമാര്‍ രാജിവെച്ചത്.
കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയോടെ പുതുച്ചേരി നിയമസഭയിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. സമീപ സംസ്ഥാനമായ തമിഴ്‌നാടിനൊപ്പം മേയ് മാസത്തിലായിരിക്കും പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ എത്തുന്നുണ്ട്. രാഹുലിന്റെ വരവിന് തൊട്ടുമുന്‍പാണ് നാല് എം.എല്‍.എമാരുടെ രാജി എന്നതും ശ്രദ്ധേയമാണ്.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിനു ശേഷം ഇതാദ്യമായാണ് രാഹുല്‍ ഇവിടം സന്ദര്‍ശിക്കുന്നത്.
content highlights: congress government in puducherry lost majority in assembly


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..