ന്യൂഡല്‍ഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിക്ക് നല്‍കും. ഇതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി അധ്യക്ഷനായ പത്തംഗ സമിതിയും രൂപവത്കരിച്ചു. വൈകാതെ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടായേക്കും. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, ശശി തരൂര്‍, വി.എം. സുധീരന്‍. കെ. മുരളീധരന്‍, കെ. സുധാകരന്‍ തുടങ്ങിയവരാണ് പുതിയ സമിതിയിലുള്ളത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ഉമ്മന്‍ചാണ്ടി നയിക്കണമെന്ന് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ആവശ്യമുയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സജീവമല്ലാതിരുന്നത് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി. ഇതിനെത്തുടര്‍ന്നാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉമ്മന്‍ചാണ്ടിയെ 'നായകനായി' തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷ പദവിക്കൊപ്പം, തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ രൂപവത്കരിക്കാനുള്ള ചുമതലയും ഉമ്മന്‍ചാണ്ടിക്കാണ്. 

Content Highlights: congress formed new committee for kerala assembly election