പതാക ഉയർത്തുന്നതിനിടെ താഴെവീണപ്പോൾ | ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനാചരണത്തില്‍ അധ്യക്ഷ സോണിയാ ഗാന്ധി ഉയര്‍ത്തിയ പാര്‍ട്ടി പതാക താഴെ പതിച്ചു. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിനിടെയാണ് ആപ്രതീക്ഷിത സംഭവം ഉണ്ടായത്.
രാവിലെ 9.45ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പതാകാ വന്ദനം നടത്തുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. സേവാദള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തശേഷം ദേശീയഗീതാലാപനം നടന്നു. അതിനുശേഷമാണ് സോണിയാ ഗാന്ധി പാര്‍ട്ടി പതാക ഉയര്‍ത്തിയത്. കൊടിമരത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ കയര്‍ വലിച്ചപ്പോള്‍ കെട്ട് പൊട്ടി പതാക താഴെവീഴുകയായിരുന്നു.
സേവാദള്‍ പ്രവര്‍ത്തകര്‍ കൊടിമരത്തിന് മുകളില്‍ കയറി പതാക പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനെത്തുടർന്ന് ക്ഷുഭിതയായ സോണിയാ ഗാന്ധി എഐസിസി ആസ്ഥാനത്തുള്ള തന്റെ മുറിയിലേക്ക് പോയി. തുടര്‍ന്ന് സേവാദള്‍ പ്രവര്‍ത്തകര്‍ പണിപ്പെട്ടാണ് രണ്ടാമതും പതാക ഉയര്‍ത്താനായി സോണിയ ഗാന്ധിയെ എത്തിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പതാകാ വന്ദനത്തിനായി എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
Content Highlights: Congress flag falls off , Sonia Gandhi, Foundation Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..