Kuldeep Bishnoi | Photo: Kamal Singh/ PTI
ന്യൂഡല്‍ഹി: ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പര്‍ട്ടിയുടെ കാലുവാരിയ എം.എല്‍.എ. ആയ കുല്‍ദീപ് ബിഷ്ണോയിയെ പുറത്താക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം ഉള്‍പ്പെടെ കുല്‍ദീപ് ബിഷ്ണോയിയെ കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
ഹരിയാണയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ കൃഷന്‍ പന്‍വാറും ബി.ജെ.പി.- ജെ.ജെ.പി. പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മാധ്യമ മേധാവിയുമായ കാര്‍ത്തികേയ ശര്‍മയും വിജയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നടപടി. കുല്‍ദീപ് ബിഷ്ണോയിയും മറ്റൊരു എം.എല്‍.എ.യും കാലുവാരിയതോടെയാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ ശര്‍മയോട് പരാജയപ്പെട്ടത്.
അദംപുരിലെ കോണ്‍ഗ്രസ് എം.എല്‍.എ. ആയ കുല്‍ദീപ് ബിഷ്ണോയി ബി.ജെ.പി.ക്ക് വോട്ട് ചെയ്തെന്ന് ഹരിയാണ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ മനോഹര്‍ലാല്‍ ഖട്ടാര്‍ അവകാശപ്പെട്ടിരുന്നു. ബി.ജെ.പി.യുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്ണോയി വിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഖട്ടാര്‍ പറഞ്ഞിരുന്നു.
കാലുവാരലും കുതിരക്കച്ചവടവും ഭയന്ന് ഒരാഴ്ചയോളം ഹരിയാണയിലെ കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ഛത്തീസ്ഗഢിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ച ശേഷമാണ് വോട്ടിങ്ങിനായി കൊണ്ടുവന്നത്. ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അജയ് മാക്കന്റെ തോല്‍വി കോണ്‍ഗ്രസിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. ഇതിനിടെ സ്വന്തം എം.എല്‍.എ. കാലുവാരിയതറിയാതെ കോണ്‍ഗ്രസ് ആഘോഷം നടത്തിയതും നാണക്കേട് വര്‍ധിപ്പിച്ചു.
നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന എം.എല്‍.എ.യാണ് കുല്‍ദീപ് ബിഷ്ണോയി. കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ഛത്തീസ്ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും കുല്‍ദീപ് ബിഷ്ണോയി പോകാന്‍ കൂട്ടാക്കായിരുന്നില്ല. ഹരിയാണ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയുമായി അകന്നത്. അടുത്തിടെ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ നിന്നും ഇയാള്‍ വിട്ടുനിന്നിരുന്നു.
Content Highlights: Congress expels Haryana MLA Kuldeep Bishnoi over Rajya Sabha cross-voting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..