മുംബൈ: മുംബൈ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി മിന്നലാക്രമണം നടത്താനുള്ള സൈന്യത്തിന്റെ നീക്കം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളിയിരുന്നുവെന്ന് നടന്‍ പരേഷ് റാവല്‍. ഉറി ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേന പാകിസ്താനില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ കഥ പറയുന്ന 'ഉറി; ദ സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന ചിത്രത്തിലെ അഭിനേതാവാണ്  റാവല്‍. ബി.ജെ.പി ലോക്സഭാംഗവും നരേന്ദ്ര മോദിയുടെ അടുപ്പക്കാരനുമാണ് മുതിര്‍ന്ന ബോളിവുഡ് താരം കൂടിയായ അദ്ദേഹം.

'മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ അത് തള്ളുകയായിരുന്നു' - പരേഷ് ആരോപിച്ചു. സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്. സൈന്യത്തിന് പിന്തുണ നല്‍കേണ്ടതിന് പകരം സര്‍ക്കാര്‍ സാധ്യമല്ല എന്ന് പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.

ആ സമയത്ത് ജനങ്ങള്‍ നമ്മുടെ സൈന്യത്തിന്റെ കരുത്തില്‍ സംശയിക്കാന്‍ തുടങ്ങിയിരുന്നു. എന്തുകൊണ്ടായിരിക്കാം നമ്മുടെ സര്‍ക്കാര്‍ അന്ന് പറ്റില്ല എന്ന പറഞ്ഞത്. വോട്ട് ബാങ്കിനെ ബാധിക്കും എന്നതിനാലാവുമോ? എന്നാല്‍, പിന്നീട് സര്‍ജിക്കല്‍ സ്ട്രൈക്കിന് അനുമതി നല്‍കിയതിലൂടെ സൈന്യത്തിന്റെ കരുത്തുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും മോദി മറുപടി നല്‍കി. 

മോദി സര്‍ജിക്കല്‍ സ്ട്രൈക്ക് നടക്കും എന്ന് പ്രഖ്യപാിച്ചതിലൂടെ എല്ലാ സംശയങ്ങളും വഴിമാറി. രാഷ്ട്രീയമായ ഇച്ഛാശക്തിയാണ് അതിന് കാരണം. ഏത് ആക്രമണത്തിനും കരുത്തുള്ള ശക്തമായ ഒരു സൈന്യമാണ് നമുക്കുള്ളത്. ഇത്തരം സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും അതിനുള്ള കരുത്ത് നമുക്കുണ്ടെന്നും പാകിസ്താന് കാണിച്ചു കൊടുക്കാനുള്ള അവസരം കൂടിയായിരുന്നു അത്.

ആത്മാര്‍ത്ഥമായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവ് വേണോ വര്‍ഷങ്ങളോളം ജനങ്ങളെ കൊള്ളയടിച്ചവര്‍ വേണോ എന്ന ചോദ്യമാണ് തിരഞ്ഞെടുപ്പ് ഉയര്‍ത്തുന്നത്. അതിനാല്‍ ബി.ജെ.പി ജയിക്കും എന്നെനിക്ക് ഉറപ്പിച്ച് പറയാനാകുമെന്നും താരം വ്യക്തമാക്കി. 

ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ സൈനികാക്രമണത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ഉറി; ദ സര്‍ജിക്കല്‍ സ്ട്രൈക്ക്'. ആദിത്യ ധര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്കി കൗഷല്‍, യാമി ഗൗതം, കൃതി കുല്‍ഹരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

content highlights: Congress Dismissed Surgical Strikes says Paresh Rawal