ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്തിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷമാണെന്ന് പൈലറ്റ് വിഭാഗം അവകാശപ്പെട്ടതിന് പിറകെ തങ്ങള്‍ക്ക് 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ്. 109 എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള കത്തില്‍ ഒപ്പുവെച്ചതായി കോണ്‍ഗ്രസ് നേതാവ് അവിനാശ് പാണ്ഡെ അറിയിച്ചു. 

എല്ലാ പാര്‍ട്ടി എംഎല്‍എമാര്‍ക്കും തിങ്കളാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കിയതായും അവിനാശ് അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് അറിയിച്ചിട്ടുണ്ട്. 

'മുഖ്യമന്ത്രി അശോക് ഗഹ് ലോത്തിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരിനും, സോണിയഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിനും പിന്തുണ പ്രഖ്യാപിച്ച് 109 എംഎല്‍എമാര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഒപ്പുവെക്കാത്ത ചില എംഎല്‍എമാര്‍ മുഖ്യമന്ത്രിയുമായി ഫോണിലൂടെ സംസാരിച്ചു. അവരും കത്തില്‍ ഒപ്പുവെയ്ക്കും.' അവിനാശ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. 

ഞായാറാഴ്ചയാണ് പൈലറ്റ് വിഭാഗം ഗഹ് ലോത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും 30 എംഎല്‍എമാര്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടത്. തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ഗഹ്‌ലോത് എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഗഹ് ലോത്തിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരുള്‍പ്പടെ 75 എംഎല്‍എമാര്‍ പങ്കെടുത്തു. 

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ രണ്‍ദീപ്‌സിങ് സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവരെ സോണിയാഗാന്ധി ജയ്പുരിലേക്ക് അയച്ചിരുന്നു. ഞായറാഴ്ച വൈകി ഇവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനുശേഷമാണ് വിപ്പ് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. 

200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 അംഗങ്ങളാണുള്ളത്. കഴിഞ്ഞവര്‍ഷം ബി.എസ്.പി.യുടെ ആകെയുള്ള ആറ് എം.എല്‍.എ.മാര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയതും ചേര്‍ത്താണിത്. രാഷ്ട്രീയ ലോക്ദള്‍ (1), സി.പി.എം. (2), ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (2), സ്വതന്ത്രര്‍ (13) എന്നിവരുടെകൂടി പിന്തുണ ചേരുമ്പോള്‍ ഭരണമുന്നണിയുടെ അംഗസംഖ്യ 125 ആവും. ബി.ജെ.പി. മുന്നണിക്ക് മൂന്ന് ആര്‍.എല്‍.എസ്.പി. എം.എല്‍.എ.മാരുടെ പിന്തുണയടക്കം 75 അംഗങ്ങളാണുള്ളത്

Content Highlights: Congress claims support of 109 MLAs in Rajasthan; issues whip before legislatureparty meeting