ഭൂപീന്ദർ സിങ് ഹൂഡ ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചെത്തിയപ്പോൾ |ഫോട്ടോ:ANI
ഛണ്ഡീഗഢ്: ശക്തിപ്രാപിക്കുന്ന ഗുസ്തിതാരങ്ങളുടെ പ്രതിഷേധം ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സര്‍ക്കാരിനെതിരെ ഉപയോഗപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കം പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തില്‍ തട്ടിനില്‍ക്കുന്നു.
പ്രതിഷേധരംഗത്തുള്ള ഇന്ത്യയുടെ അഭിമാനതാരങ്ങള്‍ ഹരിയാണക്കാരാണ്. അവരുടെ ആവശ്യങ്ങളോട് മുഖംതിരിക്കുകയും ബ്രിജ്ഭൂഷണെ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനെതിരായ വികാരം ഹരിയാണയില്‍ ശക്തമാണ്. ഇത് രാഷ്ട്രീയമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന് പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ ഇന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ഹൂഡയുടെ എതിരാളികളായ രണ്‍ദീപ് സിംഗ് സുര്‍ജേവാലയേയും കിരണ്‍ ചൗധരിയെയും യോഗത്തിന് ക്ഷണിച്ചെങ്കിലും ഇരുവരും പങ്കെടുക്കില്ലെന്നാണ് വിവരം. വിദേശത്തുള്ള സുര്‍ജേവാല ജൂണ്‍ 3ന് ശേഷമേ ഇന്ത്യയിലേക്ക് മടങ്ങുകയുള്ളൂ. അതേ സമയം മറ്റു തിരക്കുകളില്ലെങ്കിലും കിരണ്‍ ചൗധരി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
സാധാരണ തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ച് ചേര്‍ക്കാറുള്ള നിയമസഭാ കക്ഷി യോഗം ഹൂഡ ഇത്തവണ പാര്‍ട്ടി ഓഫീസിലാണ് ചേരുമെന്ന് അറിയിച്ചുള്ളത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ പ്രത്യേക നിര്‍ദേശത്തിന്റെ ഭാഗമാണ് വേദിയിലെ മാറ്റം. കര്‍ണാടകയിലേയും രാജസ്ഥാനിലേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയതിന് സമാനമായ നീക്കങ്ങളാണ് ഹരിയാനയിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തി വരുന്നത്.
ഗുസ്തി താരങ്ങളുടെ സമരം ഉത്തര്‍പ്രദേശുകാരനായ ബ്രിജ്ഭൂഷണെതിരാണെങ്കിലും തിരിച്ചടി ഏറ്റവും കൂടുതല്‍ നേരിടുക ഹരിയാണയിലെ ബിജെപിയും സര്‍ക്കാരുമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് പരമാവധി മുതലെടുക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള വടംവലി കാരണം ഹരിയാന സര്‍ക്കാരിനെതിരെ ഇതുവരെ കാര്യമായ പ്രതിഷേധങ്ങളൊന്നും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിനായിട്ടില്ല. ജന്തര്‍ മന്തറില്‍ സമരം നടക്കുന്ന വേളയില്‍ ഹൂഡ ഗുസ്തി താരങ്ങളെ പോയി കാണുകയും അവര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാണ സര്‍ക്കാരിനെതിരായ ജനരോഷം പരമാവധി മുതലെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഇന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഹരിയാണയില്‍ പാര്‍ട്ടി ചുമതല വഹിക്കുന്ന എഐസിസിസി ജനറല്‍ സെക്രട്ടറി ശക്തിസിംഹ് ഗോഹില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകര്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ അവരുടെ പിന്തുണ കൂടി നേടിയെടുക്കാനുള്ള നീക്കവും കോണ്‍ഗ്രസ് നടത്തി വരുന്നുണ്ട്.
Content Highlights: Congress banks on wrestlers’ protest to corner BJP in Haryana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..