
Image|PTI
ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ് ആവശ്യമെന്നു മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സിബല്‍ ഉള്‍പ്പെടെ 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരു മുഴുവന്‍ സമയ നേതാവിനെയാണ് വേണ്ടതെന്ന് കപില്‍ സിബല്‍ ആവര്‍ത്തിച്ചത്.
ഗാന്ധി കുടുംബത്തെ ഉള്‍പ്പെടെ ആരെയും താഴ്ത്തിക്കെട്ടാനല്ല കത്തയച്ചത്. ഇതുവരെയുള്ള ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ തകര്‍ത്ത സര്‍ക്കാറിനെതിരായ പോരാടാന്‍ കോണ്‍ഗ്രസ് നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷപ്പെടുത്തലാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസിനെ പുനര്‍ജീവിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കും പങ്കു ചേരേണ്ടതുണ്ട്. അത് പാര്‍ട്ടിയുടെ ഭരണഘടനയോടും കോണ്‍ഗ്രസിന്റെ പാരമ്പര്യത്തോടുമുള്ള ഞങ്ങളുടെ കടമയാണ്. ചരിത്രപരമായ തകര്‍ച്ചയിലാണ് നിലവില്‍ കോണ്‍ഗ്രസ് ഉള്ളത്. 2014-ലേയും 2019-ലേയും തിരഞ്ഞെടുപ്പുകള്‍ അതാണ് പ്രതിഫലിപ്പിക്കുന്നത്.
'ഞാനുള്‍പ്പെടെയുള്ളവര്‍ നല്കിയ കത്ത് പ്രവര്‍ത്തക സമിതിയിലെ അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ് ഞങ്ങളുടെ നിലപാടെന്ന് വ്യക്തമായേനെ, എന്നാല്‍ യോഗത്തില്‍ പലരും ഞങ്ങളെ വഞ്ചകര്‍ എന്നാണ് വിശേഷിപ്പിച്ചത്.
'കോണ്‍ഗ്രസിന്റെ ഭരണഘടനയെക്കുറിച്ചും അത് നല്കുന്ന വിവിധ ഘടകങ്ങളെക്കുറിച്ചും എനിക്ക് ചിലത് അറിയാം നിലവില്‍ അതൊന്നും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അത് നടപ്പിലാക്കണമെന്നാണ് കത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച പ്രധാന കാര്യം. എന്നാല്‍ ഇക്കാരണത്താല്‍ ഞങ്ങള്‍ പലഭാഗത്ത് നിന്ന് ആക്രമിക്കപ്പെടുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ഭയമില്ല. മനസ്സുകൊണ്ട് ഞങ്ങള്‍ കോണ്‍ഗ്രസുകാരനാണ്. അത് എക്കാലവും അങ്ങനെതന്നെ തുടരുകയും ചെയ്യും'- കപില്‍ സിബല്‍ പറഞ്ഞു.
Content Highlights: Congress at its historic low, needs 24x7 leader, says Kapil Sibal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..