ദിസ്പുർ: അസമിൽ കോൺഗ്രസും ഇടതുപക്ഷവും അടക്കം അഞ്ച് കക്ഷികള്‍ ചേർന്ന് 'മഹാസഖ്യ'ത്തിന് രൂപം നൽകി. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എഐയുഡിഫുമായി സഖ്യമുണ്ടാക്കുമോ കോണ്‍ഗ്രസ് എന്ന അഭ്യൂഹത്തിനും ഇതോടെ ഉത്തരമായി.

സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ), എഐയുഡിഎഫ്, അഞ്ചാലിക് ഗണ മോർച്ച എന്നീ കക്ഷികളാണ് കോൺഗ്രസിനൊപ്പം സഖ്യത്തിലുള്ളത്‌. രാജ്യപുരോഗതിയ്ക്കായി വര്‍ഗീയ കക്ഷികളെ പുറത്താക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ് സമാന ചിന്താഗതിയുള്ള രാഷ്ട്രീയപാർട്ടികളെ ഒപ്പം നിർത്താൻ തീരുമാനിച്ചതായി അസം കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ ഗുവഹാത്തിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനാണ് ലക്ഷ്യമിടുന്നതെന്നും മറ്റു പ്രാദേശിക പാർട്ടികൾക്കും ബിജെപി വിരുദ്ധകക്ഷികൾക്കുമായി സഖ്യത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നിടുമെന്നും ബോറ അറിയിച്ചു. അസമിനെ രക്ഷിക്കാനും അസമിലെ യുവജനതയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കാനും അസമിന്റെ പുരോഗതിക്കായും ഒരുമിച്ച് പോരാടാമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വൻ പ്രക്ഷോഭം സംഘടിപ്പിച്ച അസം ജാട്ടിയ പരിഷത്, റായ്ജോർ ദാൽ എന്നീ പ്രാദേശിക പാർട്ടികളുമായും കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. സഖ്യം രൂപീകരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ച് കക്ഷികൾ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് സൂചന.

Content Highlights: Congress announces grand alliance in Assam ahead of polls