അമിത് ഷാ | Photo: PTI
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ഒരിക്കല്‍ക്കൂടി വിശ്വാസം അര്‍പ്പിക്കാന്‍ കര്‍ണാടകയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് വന്‍ഭൂരിപക്ഷത്തോടെ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബെല്ലാരിയിലെ സന്ദൂരില്‍ ബി.ജെ.പിയുടെ വിജയ് സങ്കല്‍പ് സമാവേശ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഷാ. ഏപ്രില്‍-മേയ് മാസങ്ങളിലാകും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
പരിപാടിക്ക് രണ്ടുമണിക്കൂര്‍ വൈകിയാണ് അമിത് ഷാ എത്തിയത്. വൈകിയതില്‍ പ്രവര്‍ത്തകരോട് മാപ്പു പറഞ്ഞ ഷാ, കാത്തുനിന്ന പ്രവര്‍ത്തകരുടെ ക്ഷമയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. രണ്ടു മണിക്കൂര്‍ വൈകിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ എല്ലാവരും പോയിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ നിങ്ങള്‍ എല്ലാവരും കാത്തുനിന്നു. സംസ്ഥാനത്ത് സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ ബി.ജെ.പി. അധികാരത്തിലെത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്, ഷാ പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളില്‍ കലഹം നടക്കുകയാണെന്നും അമിത് ഷാ പരിഹസിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ പോരാട്ടം നടക്കുകയാണ്. വേറെ ആളുകളും ഇതിന് തയ്യാറായി നില്‍ക്കുന്നുണ്ട്. ഇവയൊന്നും വികസനത്തിന് സഹായകമായില്ല. മോദി മാത്രമാണ് ഏകമാര്‍ഗം, ഷാ പറഞ്ഞു.
കോണ്‍ഗ്രസും ജനതാദള്‍ എസ്സും അഴിമതി-കുടുംബാധിപത്യ പാര്‍ട്ടികളാണ്. ഇത്തരം പാര്‍ട്ടികള്‍ക്ക് കര്‍ണാടകയുടെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാകില്ല. ജനങ്ങള്‍ക്ക് വികസനം വേണമെങ്കില്‍ അവര്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണമെന്നും ഷാ പറഞ്ഞു. 2019-ല്‍ കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ചതോടെ അഴിമതിക്ക് തുടക്കമായി. കോണ്‍ഗ്രസും ജെ.ഡി.എസും കുടുംബാധിപത്യ പാര്‍ട്ടികളാണ്. അവര്‍ക്കൊരിക്കലും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാകില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എഫ്.ഐയെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാരിനെ അമിത് ഷാ വിമര്‍ശിച്ചു. നരേന്ദ്ര മോദി സര്‍ക്കാരാണ് പി.എഫ്.ഐയെ നിരോധിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പി.എഫ്.ഐയ്‌ക്കെതിരായ ഏകദേശം 1700 കേസുകള്‍ പിന്‍വലിക്കുകയാണുണ്ടായതെന്നും ഷാ പറഞ്ഞു.
Content Highlights: congress and jds are corrupt and dynasty party modi is the only way says amit shah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..