ജയ്പുര്‍: രാജസ്ഥാനിലെ കുതിരക്കച്ചവട നീക്കങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഗുഡ. പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത സഞ്ജയ് ജെയിന് എന്നയാള്‍ എട്ടുമാസം മുമ്പ് ബന്ധപ്പെട്ടിരുന്നുവെന്നും 'വസുന്ധര ജി' അടക്കമുള്ളവരുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഗുഡ വെളിപ്പെടുത്തി.
അശോക് ഗെഹ്ലോത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി മൂന്ന് ഇടനിലക്കാര്കൂടി രംഗത്തുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, മൂന്നുപേരും കൂടുതല്‍ നീക്കങ്ങള്‍ പിന്നീട് നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായ സഞ്ജയ് ജെയ്ന്‍ അട്ടിമറി നീക്കങ്ങളുമായി ദീര്‍ഘകാലം സജീവമായിരുന്നുവെന്ന് രാജേന്ദ്ര ഗുഡ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കുതിരക്കച്ചവടത്തെപ്പറ്റി അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് സഞ്ജയ് ജെയിനെ അറസ്റ്റു ചെയ്തത്. അശോക് ഗെഹ്ലോത് സര്‍ക്കാരിരെ വസുന്ധര രാജെ സഹായിക്കുന്നുവെന്ന ആരോപണം ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി ഉന്നയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പുതിയ വെളിപ്പെടുത്തല്‍. വസുന്ധര രാജെ തന്നോട് അടുപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഫോണില്‍ ബന്ധപ്പെട്ട് അശോക് ഗെഹ്ലോത് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ അഭ്യര്‍ഥിച്ചു എന്നായിരുന്നു രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എംപി ഹനുമാന് ബെനിവാളിന്റെ ആരോപണം. ജാട്ട് വിഭാഗത്തില്‍പ്പെട്ട എംഎല്‍എമാരെ വിളിച്ച് സച്ചിന് പൈലറ്റ് ക്യാമ്പില്‍നിന്ന് അകലം പാലിക്കണമെന്ന് രാജെ ആവശ്യപ്പെട്ടതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്ന് ഹനുമാന് ബെനിവാള്‍ അവകാശപ്പെട്ടിരുന്നു.
Content Highlights: Congress alleges Vasundhara Raje link to horse trading agent
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..