ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. എല്ലാവര്‍ക്കും സത്യമറിയാം, കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. തെറ്റായ വിവരങ്ങള്‍ വരച്ചുകാട്ടി കേന്ദ്ര ആരോഗ്യ സഹമന്ത്രി  വഴിതെറ്റിക്കാന്‍ ശ്രമിച്ചു. വിഷയത്തില്‍ അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

'സര്‍ക്കാര്‍ രാജ്യത്ത് ഇതുവരെ ആരും ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന് പറയുന്നു. ഓരോ സംസ്ഥാനത്തും എത്ര മരണമുണ്ടായെന്ന് നമുക്കറിയാം. നമ്മള്‍ എല്ലാവരും കണ്ടതാണ്'- കെ.സി വേണുഗോപാല്‍  വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണ്. അവകാശ ലംഘനനോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോണോ കോവിഡ് നിയന്ത്രണത്തിന് കേന്ദ്രം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും ഇതെല്ലാം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.സി വേണുഗോപാല്‍ രാജ്യസഭയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ച കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോദിച്ചിരുന്നു.  കോവിഡ് രണ്ടാം തരംഗത്തിലെ മരണ കണക്കുകളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധി ഒരു സമയത്ത് രൂക്ഷമായിരുന്നുവെന്നും, അത് മൂലം കോവിഡ് മരണങ്ങളൊന്നും സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം മറുപടി നല്‍കി. 

Content Highlights: congress aganist central government on covid deaths due to oxygen