ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കോണ്‍ഗ്രസ് അധ്യക്ഷനായി അംഗീകരിക്കാന്‍ തയ്യാറാണെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഒരു വര്‍ഷം മുമ്പുള്ളതാണെന്ന് കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധി നടത്തിയ ഒരു വര്‍ഷം പഴക്കമുള്ള പ്രസ്താവനയില്‍ പെട്ടന്നുള്ള മാധ്യമ താല്‍പ്പര്യത്തെ അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.  

അധികാരത്തിന്റെ കെണിയില്‍ വീഴാതെ നെഹ്റു-ഗാന്ധി കുടുംബം ഒരുമിച്ച് കോണ്‍ഗ്രസിനെ സേവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. "2004-ല്‍ പാര്‍ട്ടിയെ സേവിക്കാന്‍ അധികാരം ത്യജിച്ചുകൊണ്ട് സോണിയാജി ഒരു മാതൃക കാണിച്ചു. 2019-ല്‍ രാഹുല്‍ജി കുറ്റസമ്മതത്തിനുള്ള ധൈര്യം കാണിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു." - സുര്‍ജെവാല പറഞ്ഞു. 

2019-ലെ പൊതുതിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്ന് ഗാന്ധി കുടുംബത്തിന് വെളിയില്‍നിന്നള്ള പ്രസിഡന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ഒരു പുസ്തകത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

'ഞങ്ങള്‍ അധ്യക്ഷ പദം ഏല്‍ക്കേണ്ട എന്നാണ് രാഹുല്‍ പറഞ്ഞത്. അതിനോട് ഞാനും പൂര്‍ണമായും യോജിക്കുന്നു പാര്‍ട്ടിക്ക് അതിന്റെ ദിശ കണ്ടെത്തേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.' പ്രിയങ്ക പറഞ്ഞു. യുപിയില്‍ നിങ്ങളെ ആവശ്യമില്ല, ആന്‍ഡമാനിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞാല്‍ സന്തോഷത്തോടെ ഞാന്‍ അവിടേക്ക് പോകുമെന്നും പ്രിയങ്ക പറയുന്നു. 

Content Highlights: Cong says Priyanka's non-Gandhi president remark is year old