ദിനേഷ് ഗുണ്ടുറാവു | Photo: Pics4news
ബെംഗളൂരു: കര്‍ണാടകയില്‍ ഭരണം പിടിച്ച വലിയ വിജയത്തിനിടയിലും മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സിറ്റിങ് സീറ്റില്‍ വിജയിച്ചത് വെറും 105 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ഗാന്ധിനഗര്‍ സീറ്റില്‍ നിന്ന് ആറാം തവണയും വിജയിച്ച ദിനേഷ് ഗുണ്ടുറാവുവിന്റേത്, ഇത്തവണ സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ്. ബി.ജെ.പിയുടെ സപ്തഗിരി ഗൗഡയേയാണ് ഗുണ്ടുറാവു പരാജയപ്പെടുത്തിയത്.
നിലവില്‍ തമിഴ്‌നാട്, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിലെ എ.ഐ.സി.സി. നിരീക്ഷകനാണ് ഗുണ്ടുറാവു. 2018-ല്‍ ജി. പരമേശ്വരയ്ക്ക് പിന്നാലെയാണ് ഗുണ്ടുറാവു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാവുന്നത്. 2020- ല്‍ ഡി.കെ. ശിവകുമാര്‍ അധ്യക്ഷനാകുന്നത് വരെ സ്ഥാനത്ത് തുടര്‍ന്നു. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു. പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളും ഗുണ്ടുറാവു വഹിച്ചിട്ടുണ്ട്. 1999-ലാണ് ഗുണ്ടുറാവു ഗാന്ധിനഗറില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസിന് 135 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ബി.ജെ.പി. 66 സീറ്റുകളും ജെ.ഡി.എസ്. 19 സീറ്റുകളും നേടി. മുഴുവന്‍ മണ്ഡലങ്ങളിലേയും ഫലം പുറത്തുവന്നപ്പോള്‍, 224 സീറ്റുകളില്‍ ഏഴിടത്ത് വിജയിച്ച സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ആയിരത്തില്‍ താഴെയാണ്. ഇതില്‍ അഞ്ചിടത്തും വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്.
ബെംഗളൂരു അര്‍ബന്‍ മേഖലയിലെ ജയനഗറിലാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. ഇവിടെ ബി.ജെ.പിയുടെ സി.കെ. രാമമൂര്‍ത്തി കോണ്‍ഗ്രസിന്റെ സൗമ്യ റെഡ്ഡിയെ പരാജയപ്പെടുത്തിയത് വെറും 16 വോട്ടുകള്‍ക്കാണ്. വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 160 വോട്ടുകള്‍ക്ക് സൗമ്യ റെഡ്ഡി വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ബി.ജെ.പിയുടെ ആവശ്യത്തെത്തുടര്‍ന്ന് റീ കൗണ്ടിങ് നടത്തി. ഇതിലാണ് ബി.ജെ.പി. സ്ഥാനാര്‍ഥി 16 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചത്.
ചിഞ്ചോളിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി 858 വോട്ടിനും ജഗലൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 874 വോട്ടിനുമാണ് വിജയിച്ചത്. മാലൂരില്‍ കോണ്‍ഗ്രസിന്റെ കെ.വൈ. നഞ്ചഗൗഡ 248 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. മുഡിഗേരി, ശൃംഗേരി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും മൂന്നക്ക ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
Content Highlights: karnataka former pcc president dinesh gundurao gandhinagar seat 105 margin against bjp candidate


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..