മുതിർന്ന നേതാക്കൾ പ്രകടന പത്രിക പുറത്തിറക്കിയപ്പോൾ | Photo - PTI
പട്‌ന: ബിഹാറില്‍ ബിരുദാനന്തര ബിരുദ തലംവരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്.
എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുമെന്നും കാര്‍ഷിക കടങ്ങളും വൈദ്യുതി ബില്‍ കുടിശികയും എഴുതിത്തള്ളുമെന്നും കൃഷിക്കുവേണ്ടി ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ പഞ്ചാബിലേതിന് സമാനമായ നിയമ നിര്‍മാണം നടത്തുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് നേതാക്കള്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഡോ. രാജേന്ദ്ര പ്രസാദ് വൃദ്ധ് സമ്മാന്‍ യോജന, രാജീവ് ഗാന്ധി കൃഷി ന്യായ് യോജന എന്നിവ നടപ്പാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദനം ചെയ്യുന്നു.
സംസ്ഥാനത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് 1500 രൂപവീതം പ്രതിമാസ അലവന്‍സ് നല്‍കുമെന്നും മഹാസഖ്യത്തിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ 10 ലക്ഷം സ്ഥിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), ഇടതുപാര്‍ട്ടികള്‍ എന്നിവയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്.
Content Highlights: Cong promises free education for girls in Bihar manifesto
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..