ബുലന്ദ്ഷര്‍ (യു.പി): ഹാഥ്‌റസ് സംഭവത്തിലെ കുറ്റാരോപിതരുടെ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ട യു.പിയിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബുലന്ദ്ഷറില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കാണ് അറസ്റ്റിലായത്. 

കുറ്റാരോപിതരുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് ഒരു കോടിരൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു മാലിക്കിന്റെ പ്രഖ്യാപനം. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ കേസെടുത്ത പോലീസ് പിന്നീട് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും കഴിഞ്ഞ ദിവസം ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ഡിഎന്‍ഡി ഫ്‌ളൈ ഓവറിന് സമീപത്തുവച്ച് ഉണ്ടായ ലാത്തിചാര്‍ജില്‍ നിസാം മാലിക്കിന് പരിക്കേറ്റിരുന്നു. പോലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹം കുറ്റാരോപിതരുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. 

നേരത്തെ ഹാഥ്‌റസ് പെണ്‍കുട്ടിയുടെ ഗ്രാമത്തിന് രണ്ട് കിലോമീറ്റര്‍ അകലെ ഠാക്കൂര്‍, ബ്രാഹ്മിണ്‍ വിഭാഗക്കാര്‍ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്ത് കേസിലെ നാല് പ്രതികളും നിരപരാധികളാണെന്ന് അവകാശപ്പെട്ടിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ നിരവധി പേര്‍ പങ്കെടുത്ത മറ്റൊരുയോഗം നാല് പ്രതികള്‍ക്കെതിരെയും കേസെടുത്തത് ശരിയായ നടപടിയല്ലെന്ന് ആരോപിച്ചിരുന്നു. ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ ഫോണ്‍ വിളികള്‍ പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Cong leader held for announcing reward on Hathras accused