ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നോട്ട് അസാധുവാക്കല്‍ വീണ്ടും ചര്‍ച്ചയാക്കാനൊരുങ്ങി കോണ്‍ഗ്രസ്. നോട്ട് അസാധുവാക്കലിന്റെ നാലാം വാര്‍ഷികം അടുക്കുന്ന സാഹചര്യത്തില്‍ നടപടികൊണ്ട് എന്ത് നേട്ടമുണ്ടായി, അതിനുവേണ്ടി ചെലാക്കേണ്ടിവന്ന തുക എത്ര എന്നിവ വ്യക്തമാക്കുന്ന ധവളപത്രം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

തെറ്റായ നടപടിയുടെ ആഘാതത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇതുവരെ മുക്തമായിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അടിമുടി ആശയക്കുഴപ്പത്തിലായ മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം എന്തായിരുന്നു എന്നതിനെപ്പറ്റി പല കാര്യങ്ങളാണ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. കള്ളപ്പണം ഇല്ലാതാക്കാനും കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനുമാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത് എന്നാണ് തോന്നുന്നത്. ഇന്നാല്‍ ഈ രണ്ട് ലക്ഷ്യങ്ങളും നേടനായില്ല. 

അസാധുവാക്കിയ പഴയ നോട്ടുകളായി മൂന്ന് മുതല്‍ നാലു ലക്ഷം കോടിവരെ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടാവുമെന്നും അവ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാകുമെന്നുമാണ് മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ആര്‍ബിഐക്ക് 16,000 കോടി രൂപ ലഭിച്ചപ്പോള്‍ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിനായി 25,391 കോടി ചെലവായി. ആവശ്യമായ പഠനം നടത്താതെയും വിദഗ്ധരുടെ ഉപദേശം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന് കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി. 

അസാധു നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിരോധിച്ച കറന്‍സിയുടെ 0.0013 ശതമാനം മാത്രമായിരുന്നു കള്ളനോട്ടുകൾ. 99.9987 ശതമാനവും യഥാര്‍ഥ നോട്ടുകളായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ മുന്‍ ചെയര്‍മാനായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്കിലും അതിന്റെ ശാഖകളിലുമാണ് ഏറ്റവും കൂടുതല്‍ അസാധു നോട്ടുകള്‍ എത്തിയത്. 2016 നവംബര്‍ 10 മുതല്‍ 14 വരെയുള്ള അഞ്ച് ദിവസത്തിനിടെ 745.58 കോടിയുടെ അസാധു നോട്ടുകളാണ് അവിടെ എത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. ബിജെപി നേതാക്കള്‍ നേതൃത്വം നല്‍കുന്ന ഗുജറാത്തിലെ 11 ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കുകളില്‍ ഈ അഞ്ച് ദിവസത്തിനിടെ 3,118.51 കോടിയുടെ അസാധു നോട്ടുകള്‍ എത്തിയെന്നും ഗൗരവ് വല്ലഭ് ആരോപിച്ചു.

Content Highlights: Cong demands White Paper on demonitisation