ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വിജയ് യാത്രയ്ക്ക് ആവേശകരമായ തുടക്കം. കാണ്‍പൂരില്‍ നിന്ന് ആരംഭിച്ച റാലിയില്‍ വന്‍ജനക്കൂട്ടത്തിന്റെ പങ്കാളിത്തമുണ്ടായി. മറ്റും ജില്ലകളിലേക്കും അഖിലേഷിന്റെ ജനസമ്പര്‍ക്ക പരിപാടി വ്യാപിച്ചേക്കും. സമാജ് വാദി പാര്‍ട്ടിക്കും സഖ്യത്തിനും 400 സീറ്റ് ലഭിക്കുമെന്നാണ് അഖിലേഷിന്റെ അവകാശവാദം.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ കോണ്‍ഗ്രസ്, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അഖിലേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമരം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരെയും ഞങ്ങള്‍ ഉള്‍പ്പെടുത്തും'.

ജനങ്ങള്‍ സമാജ്വാദി പാര്‍ട്ടിക്ക് ഒപ്പമാണ്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിയെ തോല്‍പ്പിക്കും. കാരണം  കര്‍ഷകരുടെ വരുമാനം ഇരട്ടിയായിട്ടില്ല, യുവാക്കള്‍ തൊഴില്‍രഹിതരാണ്, സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം വ്യാപാരങ്ങൾ നശിച്ചു. വ്യാപാരികള്‍, കര്‍ഷകര്‍, യുവാക്കള്‍, തൊഴിലാളികള്‍ എന്നിവര്‍ സമാജ്​വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുവെന്നും അഖിലേഷ് പറഞ്ഞു. ബിജെപിയെ ഉത്തര്‍പ്രദേശില്‍ നിന്ന് തുടച്ചുനീക്കുകയാണ് ആദ്യ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് അന്ത്യപ്രാര്‍ഥന നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വീണ്ടും ലഖിംപുര്‍ ഖേരിയിലെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരകണക്കിന് കര്‍ഷകരും പ്രാര്‍ഥനയില്‍ പങ്കാളികളായി. രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷന്‍ ജയന്ത് ചൗധരിയിലും ചടങ്ങിനെത്തിയിരുന്നു.

Content Highlights: Confident Of Winning 400 Seats In UP Polls As Crowds Throng 'Vijay Yatra'